Headlines

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ മർദനമേറ്റ വിദ്യാർഥി മരിച്ചു

കൊല്ലം മരുത്തടി ക്ഷേത്രോത്സവത്തിനിടെ മർദനമേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുന്നത്തൂർ ഐവർകാല സ്വദേശി ഹരികൃഷ്ണൻ (18) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഘർഷത്തിൽ ഹരികൃഷ്ണന് തടിക്കഷ്ണം കൊണ്ട് തലയ്ക്ക് അടിയേൽക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.മരുത്തടി ക്ഷേത്രത്തിൽ തങ്കയങ്കി ഘോഷയാത്രയ്ക്കിടെ ഹരികൃഷ്ണനും കുടുംബവും മുന്നിൽ മറഞ്ഞുനിന്നു എന്നാരോപിച്ചുകൊണ്ടുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് എത്തിയത്. ഭക്ഷണം കഴിക്കാനായി ഹരികൃഷ്ണനും സഹോദരനും പോകുന്നതിനിടെ പ്രതികൾ ഇരുവരെയും തടഞ്ഞുനിർത്തുകയും അസഭ്യം പറയുകയും ചെയ്തു. ഹരികൃഷ്ണനെ നിലത്തിട്ട് ചവിട്ടുകയും ക്രൂരമായി തടിക്കഷ്ണം ഉപയോഗിച്ച് മർദിക്കുകയുമായിരുന്നു. സംഘർഷത്തിൽ ഹരികൃഷ്ണന്റെ കുടുംബത്തിനും പരുക്കേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റ വിദ്യാർഥി കഴിഞ്ഞ കുറെ ദിവസങ്ങളായി തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സ്ഥിരീകരിച്ചത്. നിലവിൽ ശക്തികുളങ്ങര പൊലീസ് എഫ്‌ഐആർ ഇട്ട് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കേസിൽ 6 പ്രതികളാണുള്ളത്. അതിൽ 2 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇനി മറ്റ് 4 പ്രതികളെക്കൂടി പിടികൂടാനുണ്ട്.