Headlines

ഖത്തറിനെതിരെ ചാരവൃത്തിക്ക് ശ്രമം; ഇറാനിയൻ റെവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള രണ്ട് സംഘങ്ങളെ പിടികൂടി

ഖത്തറിനെതിരെ ചാരപ്രവർത്തനം നടത്താൻ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന രണ്ട് സംഘങ്ങളെ പിടികൂടിയതായി ഖത്തർ സ്റ്റേറ്റ് സെക്യൂരിറ്റി അറിയിച്ചു. കൃത്യമായ നിരീക്ഷണ, ട്രാക്കിംഗ് നടപടികളുടെ ഫലമായാണ് പത്ത് പേരടങ്ങുന്ന സംഘത്തെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതെന്ന് സുരക്ഷാ വിഭാഗം വ്യക്തമാക്കി.പ്രതികളിൽ ഏഴ് പേർ രാജ്യത്തിന്റെ സുപ്രധാനവും സൈനികവുമായ സൗകര്യങ്ങളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ചാരവൃത്തിക്കായി നിയോഗിക്കപ്പെട്ടവരാണ്. ആശയവിനിമയത്തിനുള്ള സാങ്കേതിക സംവിധാനങ്ങളും ഉപകരണങ്ങളും ഉൾപ്പെടെ ചാരവൃത്തിക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഇവരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ചോദ്യം ചെയ്യലിനിടെ, ഇറാനിയൻ റെവല്യൂഷണറി ഗാർഡുമായുള്ള ബന്ധം സ്ഥിരീകരിച്ച പ്രതികൾ ചാരവൃത്തിയും അട്ടിമറി ദൗത്യങ്ങളും നടത്താൻ തങ്ങളെ നിയോഗിച്ചതായി സമ്മതിച്ചതായും സുരക്ഷാ വിഭാഗം അറിയിച്ചു. പൗരന്മാരോടും താമസക്കാരോടും ജാഗ്രത പാലിക്കാനും സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ടകേന്ദ്രങ്ങളെ വിവരമറിയിക്കാനും രാജ്യത്തെ താമസക്കാരോടും പൗരന്മാരോടും സുരക്ഷാ വകുപ്പ് നിർദേശിച്ചു.