കൊച്ചി: ഉത്തരേന്ത്യന്‍ ഇന്‍ഫ്ലുവന്‍സര്‍ അമൃത് സിംഗ് ഡാരന്റെ വര്‍ഗീയ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ഹൈബി ഈഡന് എംപി. കേരളത്തിന് എതിരായ നോര്‍ത്ത് ഇന്ത്യന്‍ ലോബിയുടെ പ്രചാരണമാണ് യൂട്യൂബറുടെ പരാമര്‍ശമെന്ന് എംപി കുറ്റപ്പെടുത്തി. ലോകത്തില്‍ കണ്ടിരിക്കേണ്ട 50 നഗരങ്ങളുടെ പട്ടികയിലാണ് കൊച്ചി. ഇത് തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഫോര്‍ട്ട്കൊച്ചി മതസൗഹാര്‍ദത്തിന്റെ ഇടമാണെന്നും അമൃത് സിംഗ് ഡാരന്‍ സുരക്ഷയില്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം പരിഹസിച്ചു. കേരളത്തില്‍ അദ്ദേഹത്തിന്റെ സുരക്ഷ ഉറപ്പ് ആക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. കാശി കഫെയിലെ മുഹമ്മദലി ജിന്നയുടെ ചിത്രം ആര്‍ട്ട് വര്‍ക്കിന്റെ ഭാഗമാണെന്നും എംപി വിശദീകരിച്ചു. ദിയകൃഷ്ണ അമൃത് സിങിന് നല്കിയ പിന്തുണ വീട്ടില്‍ നിന്ന് പഠിച്ച സംസ്കാരമാണ് എന്നായിരുന്നു എംപിയുടെ കുറ്റപ്പെടുത്തല്‍.
ഫോര്‍ട്ട് കൊച്ചിയില്‍ മുസ്ലീങ്ങള്‍ കൂടുതലാണെന്നും അതുകൊണ്ട് കേരളം അപകടത്തിലാണ് എന്നുമായിരുന്നു അമൃത് സിംഗ് ഡാരന്‍ എന്ന യൂട്യൂബറുടെ വര്‍ഗീയ പരാമര്‍ശം. ഫോര്‍ട്ട് കൊച്ചിയിലെ ഭൂരിഭാഗം കച്ചവടക്കാരും ടാക്സി-റിക്ഷാ ഡ്രൈവര്‍മാരും മുസ്ലീങ്ങളുമാണെന്നും ഇയാള്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞിരുന്നു. ഈ പ്രദേശം പൂര്‍ണമായും ഇസ്ലാമിക അന്തരീക്ഷത്തിലാണെന്നും ഇൻഫ്ളുവന്‍സര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഈ വീഡിയോയ്ക്ക് അടിയില്‍ ബിജെപി നേതാവ് കൃഷ്ണകുമാറിന്റെ മകള്‍ പിന്തുണ അറിയിച്ച് കമന്റ് രേഖപ്പെടുത്തിയതാണ് വിവാദം കനക്കാന്‍ കാരണമായത്.
‘ദുഃഖകരമായ സത്യം’എന്നായിരുന്നു ഇവര്‍ കമന്റായി രേഖപ്പെടുത്തിയിരുന്നത്. സംഭവത്തിന് പിന്നാലെ യൂട്യൂബര്‍ക്കും ദിയാ കൃഷ്ണയ്ക്കുമെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇവര്‍ക്കെതിരെ വിദ്വേഷ പ്രചാരണത്തിന് പൊലീസ് കേസും എടുക്കുന്ന സാഹചര്യമുണ്ടായി. എന്നാല്‍ താന്‍ യൂട്യൂബര്‍ പറഞ്ഞ വിവാദ ഭാഗങ്ങള്‍ കേട്ടില്ല എന്നും കാശി കഫെയിലെ ജിന്നയുടെ ഫോട്ടോ മുന്‍നിര്‍ത്തിയാണ് കമന്റ് രേഖപ്പെടുത്തിയതുമെന്നായിരുന്നു ദിയയുടെ വിശദീകരണം.




