Headlines

ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്ക് അമേരിക്കൻ നാവികസേന സംരക്ഷണം നൽകുമെന്ന് ട്രംപ്; ഇറാനുമേൽ ചൈനയുടെ സമ്മർദ്ദം

ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകൾക്ക് സംരക്ഷണം നൽകാൻ അമേരിക്കൻ നാവികസേന ഉടൻ രംഗത്തിറങ്ങുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആഗോള എണ്ണ വിപണിയെ തകിടം മറിക്കുന്ന നീക്കങ്ങൾ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. മെഡിറ്ററേനിയൻ കടലിലേക്ക് ‘ചാൾസ് ഡി ഗാൾ’ വിമാനവാഹിനിക്കപ്പലിന്റെ നേതൃത്വത്തിലുള്ള യുദ്ധക്കപ്പൽ പടയെ ഫ്രാൻസ് അയച്ചു.ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴാണ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇക്കാര്യം അറിയിച്ചത്. ഹോർമുസിന് പുറമെ ചെങ്കടൽ, സൂയസ് കനാൽ എന്നിവിടങ്ങളിലെ സുരക്ഷ ഉറപ്പാക്കാനും ഈ നീക്കം ലക്ഷ്യമിടുന്നു. ഹോർമൂസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടയാതിരിക്കാൻ ഇറാനുമേൽ ചൈനയുടെ സമ്മർദ്ദമെന്ന് റിപ്പോർട്ടുകൾ. ഖത്തറിൽ നിന്നുള്ള ഇന്ധന കപ്പലുകൾ തടയരുതെന്ന് ചൈന ഇറാനോട് ആവശ്യപ്പെട്ടതായാണ് വിവരം.ചൈനയുടെ എൽ എൻ ജിയുടെ 30 ശതമാനവും ഏഷ്യൻ രാജ്യങ്ങളുടെ എൽ എൻ ജി ഉപഭോഗത്തിന്റെ 80 ശതമാനവും ഖത്തറിൽ നിന്നാണ്. ഈ മാസമെത്തേണ്ട ഇന്ധനം ഇതിനകം എത്തിയതിനാൽ ഉടനടി ആഘാതം പ്രതീക്ഷിക്കുന്നില്ലെങ്കിലും യുദ്ധം നീണ്ടുനിന്നാൽ എൽ എൻ ജിയ്ക്ക് ഏഷ്യൻ രാജ്യങ്ങൾ കനത്ത പ്രതിസന്ധി നേരിടേണ്ടി വരും.