Headlines

ബിജെപി കേരളം ഭരിച്ചാലേ ജനങ്ങൾക്ക് നീതി കിട്ടൂ, പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും: നിലപാട് മാറ്റി ആർ ശ്രീലേഖ

തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച സാഹചര്യത്തില്‍ അഞ്ച് വര്‍ഷത്തേക്ക് മത്സരരംഗത്തേക്കില്ലെന്നായിരുന്നു മുൻപ് ശ്രീലേഖ സ്വീകരിച്ച നിലപാട്.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന തീരുമാനത്തില്‍ നിന്ന് മാറി മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയും ബിജെപി കൗണ്‍സിലറുമായ ആര്‍ ശ്രീലേഖ. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും തന്നെ സ്‌നേഹിക്കുന്ന സാധാരണക്കാര്‍ക്ക് വേണ്ടിയാണ് തീരുമാനമെന്നും ആര്‍ ശ്രീലേഖ പറഞ്ഞു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുമ്പോള്‍ ആര്‍ ശ്രീലേഖയെ വട്ടിയൂര്‍ക്കാവില്‍ പരിഗണിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച സാഹചര്യത്തില്‍ അഞ്ച് വര്‍ഷത്തേക്ക് മത്സരരംഗത്തേക്കില്ലെന്നായിരുന്നു മുൻപ് ശ്രീലേഖ സ്വീകരിച്ച നിലപാട്. എന്നാല്‍ ഇപ്പോള്‍ മത്സരിക്കാനുള്ള സന്നദ്ധത ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലൂടെ അറിയിച്ചിരിക്കുകയാണ് ശ്രീലേഖ.കേരളം ഇനി ബിജെപി ഭരിക്കണം, എങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് പൂര്‍ണമായും നീതി ലഭിക്കൂ എന്നും ശ്രീലേഖ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. കൂടാതെ ഇരയുടെ പേര് വെളിപ്പെടുത്തി എന്നാരോപിച്ച് തനിക്കെതിരെ കേസെടുത്ത സംഭവത്തില്‍ ശ്രീലേഖ അതൃപ്തി പ്രകടിപ്പിച്ചു. പത്ത് വര്‍ഷം മുന്‍പുള്ള വ്‌ളോഗിന്റെയും 2020ല്‍ പങ്കുവച്ച വീഡിയോയുടെയും പേരില്‍ ഇപ്പോള്‍ കേസ് കൊടുത്തതിന് പിന്നിലെ ലക്ഷ്യം വ്യക്തിഹത്യയാണെന്ന് ശ്രീലേഖ പറഞ്ഞു. മൂന്ന് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളില്‍ സംഭവം നടന്ന് മൂന്ന് വര്‍ഷത്തിനുള്ളില്‍ കേസെടുക്കണം എന്നാണ് നിയമം. കാലപ്പഴക്കം ചെന്ന കേസില്‍ തന്നോട് പോലും ചോദിക്കാതെ എഫ്‌ഐആര്‍ ഇട്ടത് ചട്ടവിരുദ്ധമാണെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ശ്രീലേഖ കൂട്ടിച്ചേര്‍ത്തു.അതേസമയം ശ്രീലേഖയുടെ പിണക്കം മാറ്റാമനുള്ള നിരന്തര ശ്രമം ബിജെപി സംസ്ഥാന നേതൃത്വം നടത്തിവരികയായിരുന്നു. തിരുവനന്തപുരത്ത് മേയര്‍ സ്ഥാനം നല്‍കാത്തതില്‍ ശ്രീലേഖ കടുത്ത അതൃപ്തി പരസ്യമായി പ്രകടമാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും ശ്രീലേഖ പറഞ്ഞിരുന്നു. തന്നെ ശാസ്തമംഗലം വാര്‍ഡിലേക്ക് അഞ്ച് വര്‍ഷത്തേക്കാണ് കൗണ്‍സിലറായി തെരഞ്ഞെടുത്തത്. ശാസ്തമംഗലം വാര്‍ഡില്‍ അഞ്ച് വര്‍ഷത്തേക്കാണ് കൗണ്‍സിലറായി തെരഞ്ഞെടുത്തത്. ശാസ്തമംഗലത്ത് പ്രവര്‍ത്തിക്കുകയാണ് തന്റെ ഉത്തരവാദിത്വം, അതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നായിരുന്നു ശ്രീലേഖ പറഞ്ഞിരുന്നത്.