Headlines

‘ഫ്‌ളൈറ്റിന് പണം ചിലവാക്കേണ്ടെന്ന് ഞാനാണ് പാർട്ടിയോട് പറഞ്ഞത്’, ഈ പ്രായത്തിൽ ട്രെയിനിൽ യാത്രചെയ്യാൻ കഴിയില്ല; ആർ ശ്രീലേഖ

പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് പോകാത്തതിൽ വിശദീകരണവുമായി ശാസ്തമംഗലം വാർഡ് കൗൺസിലർ ആർ ശ്രീലേഖ.ഫേസ്ബുക്കിലൂടെയായിരുന്നു ശ്രീലേഖയുടെ പ്രതികരണം.അമ്മയുടെ കാര്യങ്ങൾ നോക്കേണ്ടതിനാലും മാറിനിൽക്കാൻ പ്രയാസമുണ്ട് എന്നും ശ്രീലേഖ വ്യക്തമാക്കി. അമ്മയ്ക്ക് 94 വയസായി. വീട്ടിലെ അസിസ്റ്റന്റ് ലീവിലാണ്. എല്ലാ കാര്യങ്ങളും താൻ നോക്കേണ്ടതുണ്ട്. അതിനാൽ അഞ്ച് ദിവസം മാറിനിൽക്കുക എന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും ശ്രീലേഖ പറഞ്ഞു.ഈ പ്രായത്തിൽ തനിക്ക് ട്രെയിനിൽ യാത്ര ചെയ്യാൻ കഴിയില്ല എന്നും ഒരുപാട് പേരുമായി പോകുമ്പോൾ പാർട്ടിക്ക് വലിയ ചിലവ് വരുന്നതിനാൽ താൻ ഇല്ല എന്ന് അറിയിക്കുകയായിരുന്നുവെന്നും ആർ ശ്രീലേഖ വ്യക്തമാക്കി.അനാവശ്യമായി പണം ചിലവാക്കുന്നതിൽ തനിക്ക് താത്പര്യമില്ലെന്നും തനിക്ക് മാത്രമായി ഫ്‌ളൈറ്റ് ബുക്ക് ചെയ്ത് പണം കളയേണ്ടതില്ലെന്ന് പാർട്ടിയോട് പറഞ്ഞുവെന്നുമാണ് ശ്രീലേഖ വിശദീകരിക്കുന്നത്.

തനിക്ക് പാർട്ടിയോട് പ്രതിഷേധമോ അനിഷ്ടമോ ഒന്നുമില്ല എന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരരംഗത്തുണ്ടാകില്ല എന്നും ശ്രീലേഖ പറഞ്ഞു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ബിജെപി നയത്തെ അനുകൂലിക്കുന്ന ആളാണ് താൻ. നിയമമായിട്ടില്ലെങ്കിലും താത്വകമായി അത് അംഗീകരിക്കുന്ന ആളാണ്. അതിനാൽ അഞ്ച് വർഷത്തേക്ക് ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും ശ്രീലേഖ വ്യക്തമാക്കി. തനിക്ക് ചിലവ് വഹിക്കാനുള്ള കഴിവില്ല എന്നും പാർട്ടിയെക്കൊണ്ട് അത് വഹിപ്പിക്കുന്നില്ല എന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.