Headlines

കൊച്ചിയിൽ ഭിന്നശേഷിക്കാരനെ ഹണി ട്രാപ്പിൽ കുടുക്കിയ സംഭവം; പ്രതികൾക്കെതിരെ കാപ്പ ചുമത്തും

കൊച്ചിയിൽ ഭിന്നശേഷിക്കാരനെ ഹണി ട്രാപ്പിൽപ്പെടുത്തി ക്രൂരമായി മർദിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ കാപ്പ ചുമത്തും. അമൽ, അനന്തു എന്നിവർ കൊലപാതകം, ലഹരി അടക്കമുള്ള കേസുകളിൽ പ്രതികളാണ്. പറവൂർ സ്വദേശിനിയായ ഒന്നാംപ്രതി സഫാനയുടെ പങ്കിൽ കൂടുതൽ അന്വേഷണം നടത്തുകയാണ് പൊലീസ്.സഫാന ഉൾപ്പെടുന്ന സംഘം മുൻപും സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്. പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അടുത്ത നീക്കം.അമൽ ദേവെന്ന യുവാവിനെ വശീകരിച്ച് ഹോട്ടലിൽ എത്തിച്ച സംഘം, യുവാവ് എതിർത്തപ്പോൾ ബലപ്രയോഗത്തിലൂടെ വിവസ്ത്രനാക്കി ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ബാങ്ക് അക്കൗണ്ടിൽനിന്ന് പണം തട്ടാൻ ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് യുവാവിനെ ക്രൂരമായി മർദിക്കുകയും നട്ടെല്ലിന് പരുക്കേൽപ്പിക്കുകയും ചെയ്തു.ആംഗ്യഭാഷാ വിദഗ്ധന്റെ സഹായത്തോടെയാണ് പൊലീസ് യുവാവിന്റെ മൊഴി രേഖപ്പെടുത്തിയത്.

കൊച്ചിയിൽ, യുവതിയുടെ സഹായത്തോടെ അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയതും എതിർത്ത ഭിന്നശേഷിക്കാരനെ മർദിച്ചതും ഒരു ഹണിട്രാപ്പ് സംഘമാണെന്ന് പൊലീസ് കണ്ടെത്തി.കേസിൽ അഞ്ച് പ്രതികളാണ് ഉള്ളത് ഇതിൽ നാല് പേരെ കടവന്ത്ര പൊലീസിന് അറസ്റ്റ് ചെയ്യാൻ സാധിച്ചു. കൂട്ടത്തിലെ മറ്റൊരാൾ ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണവും സംഘം ഊര്ജിതമാക്കിയിരിക്കുകയാണ്.