നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ. ജില്ലാ മെഡിക്കൽ ഓഫീസർ ഒരു മാസത്തിനകം അന്വേഷണം റിപ്പോർട്ട് നൽകണം. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സൈദലി കായ്പാടിയുടെ പരാതിയെ തുടർന്നാണ് നടപടി.പാലോട് സ്വദേശികളായ കുഞ്ഞിന്റെ കുടുംബം ഇപ്പോഴും ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ്. ആരോപണ വിധേയയായ ഗൈനക്കോളജിസ്റ്റ് ഡോക്ടർ ബിന്ദു സുന്ദറിനെയും വിദഗ്ധസമിതി കേട്ടിരുന്നു. പ്രതിഷേധം ശക്തമാക്കിയതിന് പിന്നാലെ ഡോക്ടറെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. ഡോക്ടർക്കെതിരെ കൂടുതൽ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. 11 മണിക്കൂറാണ് ആശുപത്രിയിൽ ചികിത്സ വൈകിപ്പിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. കുഞ്ഞിനെ ഡോക്ടർമാർ കൊന്നു, ഒരുപക്ഷേ അമ്മയ്ക്കും ആ അവസ്ഥ വന്നേക്കാമായിരുന്നുവെന്നും കുടുംബം പറയുന്നുണ്ട്.

സംഭവ ദിവസം നടന്ന പ്രതിഷേധത്തിനിടയിൽ സൂപ്രണ്ടിനെ അകാരണമായി മർദ്ദിച്ചു, പ്രാഥമിക അന്വേഷണം നടത്താതെ ഡോക്ടറെ സസ്പെൻഡ് ചെയ്തു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസർ അസോസിയേഷൻ നെടുമങ്ങാട് ആശുപത്രിയിൽ ഒ പി ബഹിഷ്കരണം നടത്തുന്നത്. കാഷ്വാലിറ്റി ഒഴികെയുള്ള എല്ല ഒ പി പ്രവർത്തനങ്ങളും നിർത്തിവെച്ചാണ് പ്രതിഷേധം.