Headlines

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ്; ആരോപണ വിധേയയായ ഡോക്ടർ ബിന്ദു സുന്ദറിനോട്‌ നിർബന്ധിത ലീവിൽ പ്രവേശിക്കാൻ നിർദേശം

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് ആരോപണത്തിൽ, ആരോപണ വിധേയയായ ഡോക്ടർ ബിന്ദു സുന്ദറിനോട്‌ നിർബന്ധിത ലീവിൽ പ്രവേശിക്കാൻ നിർദേശിച്ചതായി അറിയിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോക്ടർ റീന. രാത്രി ഏറെ വൈകിയും പ്രതിഷേധം തുടർന്നത്തോടെ DMO, ആരോഗ്യവകുപ്പ് ഡയറക്ടർ തുടങ്ങിയവർ ആശുപത്രിയിലേയ്ക്ക് നേരിട്ട് എത്തുകയായിരുന്നു.ആരോപണവിധേയയായ ഡോക്ടർക്കെതിരെ DMO ക്ക് മുൻപും സമാന പരാതികൾ ലഭിച്ചതായി ആരോഗ്യവകുപ്പ് ഡയറക്ടർ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ന് മെഡിക്കൽ കോളജിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം എത്തി വിശദമായ റിപ്പോർട്ട്‌ തയ്യാറാക്കും. കഴിഞ്ഞ ദിവസമാണ് പ്രസവ ശാസ്ത്രക്രിയക്കിടെ തിരുവനന്തപുരം പാലോട് സ്വദേശിയായ നിരഞ്ജനയുടെ കുഞ്ഞു നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽവെച്ച് മരണപെട്ടത്. ഇതിനെതിരെയാണ് ഡോക്ടറിന്റെ വീഴ്ച്ച ചൂണ്ടികാണിച്ചുകൊണ്ട് പ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയത്.

അതേസമയം, സംഭവത്തിൽ അടിയന്തിര അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. സംഭവത്തിൽ ഡോക്ടർക്ക് എതിരെ ഗുരുതര ആരോപണവുമായി പിതാവ് രംഗത്തെത്തയിരുന്നു. താൻ അല്ല ശാസ്ത്രക്രിയ ചെയ്തതെന്ന് ഡോക്ടർ ബിന്ദു സുന്ദർ പറഞ്ഞു. പക്ഷെ ഓപ്പറേഷൻ തിയേറ്ററിൽ കൂടെ ഉണ്ടായിരുന്നവർ ബിന്ദു സുന്ദർ തന്നെയാണ് ചെയ്തതെന്ന് പറഞ്ഞെന്നും കുഞ്ഞിന്റെ അച്ഛൻ ബിനിൽ പ്രതികരിച്ചു. വിഷയത്തിഷൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം.

പാലോട് സ്വദേശിനി നിരഞ്ജനയുടെ കുഞ്ഞാണ് മരിച്ചത്. ഡോക്ടർ ബിന്ദു സുന്ദറിന്റെ നേതൃത്വത്തിലാണ് പ്രസവ ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ പിഴവിൽ മുൻപും ആരോപണ വിധേയയാണ് ഡോക്ടർ. നേരത്തെ വിതുര സ്വദേശിനിയായ ഹസ്‌നാ ഫാത്തിമയുടെ പ്രസവ ശാസ്ത്രക്രിയയ്ക്കിടെയുണ്ടായ ചികിത്സാപിഴവിൽ ആരോപണവിധേയയാണ് ബിന്ദു സുന്ദർ .

പൂർണ്ണ ഗർഭിണിയായ നിരഞ്ജനയെ ഇന്നലെയാണ് പരിശോധനകൾക്കായി ആശുപത്രിയിൽ എത്തിച്ചത്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഉടൻ തന്നെ അഡ്മിറ്റ് ചെയ്തു. ഇന്ന് പുലർച്ചെ നാല് മണിയോടെ ലേബർ റൂമിലേക്ക് മാറ്റിയ നിരഞ്ജനയെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സിസേറിയന് വിധേയയാക്കിയത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ കുഞ്ഞ് മരിച്ച വിവരം അധികൃതർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.