കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഏപ്രില്‍ മൂന്നിന് ജില്ലയിലെത്തുമെന്ന് ബിജെപി ഉത്തരമേഖല ജനറല്‍ സെക്രട്ടറി കെ.സദാനന്ദന്‍, ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ എന്നിവര്‍ വയനാട് പ്രസ് ക്ലബ്ബില്‍ അറിയിച്ചു

കല്‍പ്പറ്റ : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഏപ്രില്‍ മൂന്നിന് ജില്ലയിലെത്തുമെന്ന് ബിജെപി ഉത്തരമേഖല ജനറല്‍ സെക്രട്ടറി കെ.സദാനന്ദന്‍, ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ എന്നിവര്‍ വയനാട് പ്രസ് ക്ലബ്ബില്‍ അറിയിച്ചു. വയനാട് ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളുടെ പ്രചരണവുമായി ബന്ധപ്പെട്ടാണ് അമിത്ഷാ വയനാട്ടില്‍ എത്തുന്നത്. വയനാട് മീനങ്ങാടി ശ്രീകണ്ഠപ്പാ ഗൗണ്ടര്‍ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30 നാണ് പരിപാടി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, വി. മുരളീധരന്‍ തുടങ്ങി സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കും. ജില്ലയിലെ എല്‍ഡിഎഫും യുഡിഎഫും വോട്ടര്‍മാരെ സ്വാധീനിക്കുകയാണെന്ന് ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍ പറഞ്ഞു. ജില്ലയില്‍ മിക്ക ഇടങ്ങളിലും യുഡിഎഫ് മദ്യവും, ബ്ലാക്ക് മണിയും ഇറക്കിയാണ് വോട്ടര്‍മാരെ സ്വാധീനിക്കുന്നത്. ബത്തേരിയില്‍ പ്രത്യേകിച്ച് പൂതാടി, ഇരുളം ഭാഗങ്ങള്‍ കേന്ദ്രീകരിച്ചാണ് മദ്യം നല്‍കി വനവാസി വോട്ടര്‍മാരെ അടക്കം സ്വാധീനിക്കുന്നത്. പണവും മദ്യവും കൊടുത്ത് വോട്ടര്‍മാരെ സ്വാധീനിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. കിറ്റ്, പെന്‍ഷന്‍ എന്നിവ ഉയര്‍ത്തിക്കാട്ടിയാണ് എല്‍ഡിഎഫ് വോട്ട് ചോദിക്കുന്നത്. പാര്‍ട്ടിക്കാരാണ് പെന്‍ഷന്‍ ഉഭഭോഗ്താക്കളുടെ കയ്യില്‍ എത്തിക്കുന്നത്. ഇവ പാര്‍ട്ടിയാണ് നല്‍കുന്നതെന്ന് സ്ഥാപിച്ചെടുക്കുകയാണ്. കിറ്റിന്റെ കാര്യവും അങ്ങനെ തന്നെ. ഇലക്ഷന്‍ കമ്മീഷന്‍ ഇവിടെ നോക്കുകുത്തികളാവുകയാണ്. വോട്ടര്‍മാരെ സ്വാധീനം ചെലുത്തുന്നതിനെതിരെ നിയമപരമായി നേരിടാനാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. വെല്‍ഫെയര്‍ പാര്‍ട്ടി പോലുള്ള വര്‍ഗീയശക്തികളെ കൂട്ടുപിടിച്ചാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി അവര്‍ക്കു വേണ്ടി വോട്ട് ചോദിക്കുന്നു. ബിജെപി പ്രചാരണം ശക്തമാണെന്നും ഇത്തവണ ജയിക്കാനാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.