സുൽത്താൻ ബത്തേരി: ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ
അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹലാ ഷെറിൻ (11) ക്ലാസ് മുറിയിൽ
പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ
നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാർക്കാണ് കമ്മീഷൻ ഉത്തരവ് നൽകിയത്.
ഷഹലാ ഷെറിന്റെ മരണത്തിന് ഉത്തരവാദികളായ സ്കൂൾ അധികൃതർക്കും ആരോഗ്യ
വകുപ്പിലെ മെഡിക്കൽ ഓഫീസർക്കുമെതിരെ നിയമപ്രകാരമുള്ള അച്ചടക്ക നടപടി സ്വീകരിച്ച ശേഷം അക്കാര്യം കമ്മീഷനെ രേഖാമൂലം അറിയിക്കണമെന്നും ഉത്തരവിൽ
പറയുന്നു. 2019 നവംബർ 21നാണ് ഷഹല ഷെറിൻ പാമ്പ് കടിയേറ്റ് മരിച്ച് മരിച്ചത്.
സംഭവത്തിൽ സുൽത്താൻ ബത്തേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം ഡി വൈ എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ച്
പൂർത്തിയാക്കി കോടതി മുമ്പാകെ അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്ന്
കമ്മീഷൻ വയനാട് ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുമുണ്ട്. ക്രൈം കേസിലെ നാലാം പ്രതിയായ ഡോക്ടർക്കെതിരെ നടപടിയെടുക്കുന്നതിന്
മെഡിക്കൽ ബോർഡ് കൂടി ഒരു മാസത്തിനകം അന്തിമ തീരുമാനമെടുക്കണമെന്ന്
കമ്മീഷൻ ആവശ്യപ്പെട്ടു. കോവിഡ് കാരണം മെഡിക്കൽ ബോർഡ് രൂപീകരിച്ചില്ലെന്ന
ആരോഗ്യ വകുപ്പിന്റെ വാദം ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് കമ്മീഷൻ വിലയിരുത്തി. സ്കൂൾ അധിക്യതരുടെ ഭാഗത്ത് വീഴ്ചയുള്ളതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതായി ജില്ലാ കളക്ടർ കമ്മീഷനെ അറിയിച്ചു.
സ്കൂൾ, ആശുപത്രി അധികൃതരുടെ വീഴ്ച കൊണ്ടാണ് പിഞ്ചുബാലികയുടെ ജീവൻ
നഷ്ടമായതെന്നാണ് റിപ്പോർട്ടുകളിൽ നിന്നും മനസിലാക്കുന്നതെന്ന് കമ്മീഷൻ
ഉത്തരവിൽ പറഞ്ഞു. പൊതുപ്രവർത്തകരായ യു എ അജ്മൽ സാമജിദ്, അഡ്വ. ശ്രീജിത്ത് പെരുമന, മുജീബ് റഹ്മാൻ, ഡോ. ഗിന്നസ് മാട സാമി, അഡ്വ. ദേവദാസ്, റഹിം പന്തളം എന്നിവരാണ് കമ്മീഷനിൽ പരാതി നൽകിയത്.