കല്‍പ്പറ്റ: സംസ്ഥാനസര്‍ക്കാരിന്റെ ഒടുവിലത്തെ ബജറ്റിലും വയനാടിനോട് കാട്ടിയത് വഞ്ചന മാത്രമാണെന്ന് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ഏതാനം പ്രഖ്യാപനങ്ങള്‍ മാത്രമാണുണ്ടായത്. മെഡിക്കല്‍ കോളജിന് തുക അനുവദിക്കണമെങ്കില്‍ കിഫ്ബിയിലൂടെ തന്നെ അത് നേരത്തെയാകാമായിരുന്നു. ഈ പദ്ധതിയെ സംബന്ധിച്ച് കാര്യമൊന്നും പരാമര്‍ശിക്കാന്‍ ധനമന്ത്രിക്ക് സാധിച്ചിട്ടുമില്ല. തുരങ്കപാത ലോഞ്ചിംഗ് കഴിഞ്ഞതിന് ശേഷമാണ് ബജറ്റില്‍ കൊണ്ടുവരുന്നത്. ഈ പദ്ധതിക്കായി പാരിസ്ഥിതിക അനുമതി പോലും വാങ്ങിയിട്ടില്ല. ഒരു പദ്ധതിയെ സംബന്ധിച്ച് എല്ലാകാര്യങ്ങളും പൂര്‍ത്തിയായ ശേഷമാണ് സാധാരണ അതിന്റെ മറ്റ് നടപടികളിലേക്ക് കടക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് ബജറ്റുകളില്‍ തുടര്‍ച്ചയായി വയനാടന്‍ കാപ്പി ബ്രാന്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടന്നിട്ടില്ല. ഈ ബജറ്റിലും അത് ആവര്‍ത്തിച്ചിട്ടുണ്ട്. ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചുവെന്ന് പറയുമ്പോഴും, കര്‍ഷക തൊഴിലാളികള്‍ക്കടക്കം പെന്‍ഷന്‍ ലഭിച്ചിട്ട് എട്ട് മാസമായി. അരിവാള്‍ രോഗികളുടെ പെന്‍ഷന്‍ കാര്യത്തില്‍ ബജറ്റില്‍ പരാമര്‍ശം പോലുമില്ല. ആശാവര്‍ക്കര്‍മാര്‍ക്ക് ഹോണറേറിയം വര്‍ധിപ്പിച്ചുവെങ്കിലും കഴിഞ്ഞ തവണ കൂട്ടിയ തുക പോലും ഇതുവരെ നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി നടപ്പിലാക്കിയ മീനങ്ങാടി ഗ്രാമപഞ്ചായത്തില്‍ അത് എത്രത്തോളം വിജയിച്ചുവെന്ന് പരിശോധിക്കേണ്ടതുണ്ട്. പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനായി കൂടിയാലോചനകളൊന്നും നടക്കുന്നില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് കോഫി പാര്‍ക്ക് എന്ന പേരില്‍ 10 കോടി രൂപ അനുവദിച്ചിരിക്കുന്നത്. കര്‍ഷകരെയും ഈ ബജറ്റില്‍ സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണ്. കാലാവസ്ഥാവ്യതിയാനം മൂലം വിളവെടുപ്പ് കാലമായിട്ടും ദുരിതത്തിലായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടികളൊന്നുമുണ്ടായില്ല. കിഫ്ബി പദ്ധതി പ്രകാരം പ്രവൃത്തികള്‍ നിയോജകമണ്ഡലങ്ങളില്‍ നടക്കുന്നുണ്ടെങ്കിലും ഭൂരിഭാഗവും പാതിവഴിയിലാണെന്നും കരാറുകാരുടെ യോഗ്യത തിരിച്ചറിയാനുള്ള നടപടി പോലും വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.