മൂന്ന് വയസുള്ള കുട്ടിക്കും രോഗം: മീനങ്ങാടിയിൽ ഒരാഴ്ചക്കിടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 23 ആയി

മീനങ്ങാടി: ആൻറിജൻ പരിശോധനയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 8 പേർക്ക് . ഇതോടെ മീനങ്ങാടിയിൽ ഒരാഴ്ചക്കിടെ നടന്ന ആൻറിജൻ ടെസ്റ്റിൽ കോവിഡ് ബാധിച്ചത് 23 പേർക്ക്. ഇതിൽ 20 പേർ മീനങ്ങാടി ഗ്രാമപഞ്ചായത്തിലെയും, 3 പേർ പഞ്ചായത്തിന് പുറത്തുള്ളവരുമാണ്. ഓഗസ്റ്റ് 26 നാണ് മീനങ്ങാടിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് 28 ന് നടന്ന ആൻ്റിജൻ പരിശോധനയിൽ സ്ഥാപനത്തിലെ 7 പേർക്കും, 29 ന് സാധനങ്ങൾ കയറ്റി ഇറക്കുന്നതിന് വന്ന ചുമട്ടുതൊഴിലാളിക്കു കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ജാഗ്രതയുടെ ഭാഗമായി മീനങ്ങാടി ആരോഗ്യ വകുപ്പ് ടൗണുൾപ്പെടുന്ന നിശ്ചിത ഭാഗങ്ങളെ കണ്ടെയ്മെൻറ് സോൺ ആക്കണമെന്ന് പോലീസിനെയും, ഗ്രാമ പഞ്ചായത്തിനെയും, അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ നിശ്ചിത സ്ഥലങ്ങൾ മൈക്രോ കണ്ടെയ്മെൻറായി ജില്ലാ കലക്ടർ മാറ്റുകയുമുണ്ടായി. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ മീനങ്ങാടിയിലെ മറ്റൊരു ചുമട്ടുതൊഴിലാളിക്കും, ഹോട്ടൽ ജബൽ പ്ലാസയിലെ രണ്ട് ജീവനക്കാർക്കും, ഉണക്കമീൻ മൊത്ത വിതരണക്കാരനും, മീനങ്ങാടി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്ന് മീനങ്ങാടി സി.എച്ച്.സി യിൽ നടന്ന ആൻ്റിജൻ പരിശോധനയിൽ 3 വയസ്സുള്ള കുട്ടിയുൾപ്പടെ 8 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മീനങ്ങാടിയിൽ കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കാനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പും പോലീസും.