Headlines

കബാലിയെ പ്രകോപിപ്പിച്ച സംഭവം; തമിഴ്നാട് സ്വദേശികൾ പിടിയിൽ

അതിരപ്പിള്ളിയിലെ കാട്ടുകൊമ്പൻ കബാലിയെ പ്രകോപിപ്പിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശികൾ വനംവകുപ്പിന്റെ പിടിയിൽ. കോയമ്പത്തൂർ സ്വദേശികളായ ജ്ഞാനവേ ൽ വാസു, ശിവകുമാർ എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ 19ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. അതിരപ്പിള്ളി മലക്കപ്പാറ അന്തർസംസ്ഥാന പാതയിലായിരുന്നു സംഭവം. റോഡിലിറങ്ങി നിന്ന കാട്ടാനയുടെ അടുത്തേക്ക് കാർ ഓടിച്ചു കയറ്റി പ്രകോപിപ്പിച്ചതിനാണ് കേസ്.

പ്രതികൾ തന്നെയാണ് വീഡിയോ മൊബൈലിൽ ചിത്രീകരിച്ച് സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്കോർപിയോ വാഹനവും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് പരിശോധന നടത്തി. പ്രതികളെ മൊഴിയെടുത്തതിനുശേഷം വിട്ടയച്ചു. ഹോൺ മുഴക്കിയും വാഹനം മുന്നോട്ട് എടുത്തുമാണ് കാട്ടാനയെ തമിഴ്നാട് സ്വദേശികൾ പ്രകോപിപ്പിച്ചത്.

കാട്ടാന വാഹനം ആക്രമിച്ചെങ്കിലും വിനോദസഞ്ചാരികൾ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ആനയെ പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ വനം വകുപ്പ് അന്വേഷണം ഊർജ്ജതമാക്കിയിരുന്നു.