Headlines

സി ജെ റോയുടെ മരണം, മനുഷ്വത്വപരമായ നിലപാട് സ്വീകരിക്കാൻ കേന്ദ്ര ഏജൻസികൾക്ക് ആവുന്നില്ല; സമഗ്രമായ അന്വേഷണം വേണമെന്ന് എം വി ഗോവിന്ദൻ

സി ജെ റോയിയുടെ മരണത്തിൽ കേന്ദ്ര ഏജൻസികളുടെ സമ്മർദം സംശയിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണം.മരിച്ചതിനു ശേഷവും റെയ്‌ഡ്‌ തുടർന്ന് എന്ന് പറയുന്നു. മനുഷ്വത്വപരമായ ഒരു നിലപാട് സ്വീകരിക്കാൻ എന്തുകൊണ്ട് കേന്ദ്ര ഏജൻസികൾക്ക് ആവുന്നില്ല. ഇതരത്തിനുള്ള അവസ്ഥ ഉണ്ടായത് എന്തുകൊണ്ടെന്നു പരിശോധിക്കണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.

അതേസമയം, സി ജെ റോയിയുടെ ആത്മഹത്യയിൽ അന്വേഷണം വിപുലീകരിച്ചിരിക്കുകയാണ് പൊലീസ്. ആദായനികുതി വകുപ്പ് (ഐടി) ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത മാനസിക സമ്മർദ്ദമാണ് മരണത്തിന് കാരണമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ, കൊച്ചിയിൽ നിന്നെത്തിയ ഐടി സംഘത്തിൻ്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും.

കോൺഫിഡൻ്റ് ഗ്രൂപ്പ് ഡയറക്ടർ ടി ജെ ജോസഫ് നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിൽ ബെംഗളൂരു സെൻട്രൽ ഡിസിപിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി റോയിയുടെ ഓഫീസിലും വസതിയിലും ഐടി ഉദ്യോഗസ്ഥരുടെ പരിശോധന നടന്നിരുന്നു. പരിശോധനയ്ക്കിടെ തനിക്കുണ്ടായ മാനസിക വിഷമത്തെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

കൂടാതെ ഓഫീസിലുണ്ടായിരുന്ന കോൺഫിഡൻ്റ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടെയും മരണസമയത്ത് ഒപ്പമുണ്ടായിരുന്നവരുടെയും മൊഴി രേഖപ്പെടുത്തും. സി ജെ റോയിയുടെ രണ്ട് മൊബൈൽ ഫോണുകൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണുകളുടെ വിശദമായ പരിശോധനയും ഇന്ന് നടക്കും. വ്യവസായ ലോകത്തെ നടുക്കിയ ഈ മരണത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ഫോറൻസിക്, ബാലിസ്റ്റിക് വിദഗ്ധരുടെ സഹായവും പോലീസ് തേടിയിട്ടുണ്ട്. ആത്മഹത്യയ്ക്ക് ഉപയോഗിച്ച ലൈസൻസുള്ള തോക്കും പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.