നോയിഡ∙ പത്തൊൻപതാം നിലയിൽനിന്ന് ചാടി പതിനെട്ടുകാരൻ ജീവനൊടുക്കി. ഗ്രേറ്റർ നോയിഡയിലെ പ്രിസ്റ്റൻ അവന്യു സൊസൈറ്റിയിൽ വ്യാഴാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം. ഒന്നാം വർഷ ബിബഎ വിദ്യാർഥിയായ യുവാവിന് സിനിമാ നടനാകാനാണ് ആഗ്രഹമെന്നും വീട്ടുകാർ അതിന് എതിരുനിന്നതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് അറിയിച്ചത്. മാതാപിതാക്കൾക്കൊപ്പം ബഹുനില കെട്ടിടത്തിന്റെ ഫ്ലാറ്റിൽ താമസിച്ചിരുന്ന യുവാവ് പുലർച്ചെ ആരോടും പറയാതെ പത്തൊൻപതാം നിലയിലേക്ക് കയറുകയും അവിടെനിന്ന് താഴേക്കു ചാടുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഗാസിയാബാദിലെ സ്വകാര്യ കോളജിൽ ഒന്നാം വർഷ ബിബിഎ വിദ്യാർഥിയാണ് യുവാവ്. യുവാവിന് അഭിനേതാവാകാനായിരുന്നു ആഗ്രഹം, എന്നാൽ വീട്ടുകാരുടെ നിർബന്ധത്തിൽ ബിബിഎയ്ക്ക് ചേരുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. മരണത്തിനു പിന്നിൽ വേറെന്തെങ്കിലും കാരണമുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
‘അഭിനയമോഹത്തെ വീട്ടുകാർ എതിർത്തു’: 19ാം നിലയിൽനിന്ന് ചാടി വിദ്യാർഥി ജീവനൊടുക്കി







