Headlines

ചീനിക്കുഴി കൂട്ടക്കൊലപാതകം; ഹമീദിന് വധശിക്ഷ

ഇടുക്കി ചീനിക്കുഴി കൂട്ടക്കൊലപാതകത്തിൽ പ്രതി ഹമീദിന് വധശിക്ഷ. തൊടുപുഴ അഡീഷണൽ സ്പെഷ്യൽ കോടതിയാണ് സ്വത്തിന് വേണ്ടി മകനെയും കുടുംബത്തെയും ചുട്ടുകൊന്ന പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിധി. വീട്ടിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയതിന് പത്ത് വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും കോടതി ചുമത്തി.

2022 മാർച്ച് 19നായിരുന്നു തൊടുപുഴ ചീനിക്കുഴിയിൽ ആലിയേക്കുന്നേൽ മുഹമ്മദ് ഫൈസൽ, ഷീബ, മെഹ്റിൻ, അസ്ന എന്നിവരെ ഫൈസലിന്റെ പിതാവ് ഹമീദ് പെട്രോൾ ഒഴിച്ച് ചുട്ട് കൊന്നത്. സ്വത്തിന് വേണ്ടിയുണ്ടായ നിരന്തര തർക്കമായിരുന്നു കൂട്ടക്കൊലയ്ക്ക് കാരണം. നിഷ്കളങ്കരയാ രണ്ട് പിഞ്ചുകുട്ടികളെ അടക്കം കൊന്ന പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു കോടതിയിൽ പ്രോസിക്യൂഷൻ ഈ കേസ് വാദിച്ചിരുന്നത്.

ആരും വന്ന് തീ കെടുത്താതിരിക്കാൻ വീട്ടിലെ ടാങ്കിലെ വെള്ളം മുഴുവന്‍ ഒഴുക്കി വിട്ടിരുന്നു. എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയശേഷമായിരുന്നു വീട്ടിലെ വൈദ്യുതി അടക്കം വിച്ഛേദിക്കുകയായിരുന്നു. സമീപവീട്ടിലേക്ക് വെള്ളമെടുക്കുന്ന മോട്ടോറിന്റെ വൈദ്യുതിയും വിച്ഛേദിച്ചു. വീട് പൂർണമായും പൂട്ടി ഫൈസലിന്റെ മുറിയുടെ ജനൽ തുറന്നായിരുന്നു പെട്രോൾ അകത്തേക്ക് ഒഴിച്ചത്. നിലവിളിയും പൊട്ടിത്തെറി ശബ്ദവും കേട്ട് ഓടിയെത്തിയ അയല്‍വാസികളെയും ഇയാൾ തടയുകയായിരുന്നു.
ആദ്യഘട്ടത്തിൽ ഇതൊരു ആത്മഹത്യയാണെന്നായിരുന്നു പ്രതി പറഞ്ഞിരുന്നത്. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് വരുത്തി തീർക്കാനും ഹമീദ് ശ്രമിച്ചിരുന്നു. എന്നാൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ മറിക്കടക്കുകയായിരുന്നു. 1200 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്.