Headlines

ഒയാസിസ് ബ്രൂവറി പദ്ധതി; എലപ്പുള്ളി പഞ്ചായത്ത് നിയമപ്പോരാട്ടത്തിന്; സര്‍ക്കാരിനെതിരെ ഹൈകോടതിയെ സമീപിക്കും

ഒയാസിസ് ബ്രൂവറി പദ്ധതിക്കെതിരെ നിയമപ്പോരാട്ടത്തിന് എലപ്പുള്ളി പഞ്ചായത്ത്. കമ്പനിക്ക് അനുമതി നല്‍കുന്ന സര്‍ക്കാരിനെതിരെ ഹൈകോടതിയെ സമീപിക്കും. ക്രമവിരുദ്ധമായി പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നെന്ന് ആരോപിച്ചാണ് പഞ്ചായത്തിന്റെ നീക്കം.

ഉച്ചയ്ക്ക് 2 മണിയോടെയാണ് അടിയന്തര പഞ്ചായത്ത് ഭരണസമിതി യോഗം ചേര്‍ന്നത്.നിയമോപദേശം തേടിയതിനു ശേഷമാണു നടപടി. പഞ്ചായത്തിന്റെ അധികാരങ്ങളെ സര്‍ക്കാര്‍ കവരുന്നു എന്ന് പ്രസിഡന്റ് യോഗത്തില്‍ ആരോപിച്ചു പഞ്ചായത്ത് ഫണ്ട് ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഭരണസമിതി സ്വന്തം ചിലവില്‍ കേസ് നടത്തും. ഇതിനായി പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ചുമതലപ്പെടുത്തി.

ഒയാസിസിനെതിരെ ആറാം വാര്‍ഡില്‍ പ്രത്യേക ഗ്രാമസഭ ചേരാനും യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ സിപിഎം അംഗങ്ങള്‍ വിയോജിപ്പ് അറിയിച്ചു. വാക്കേറ്റം ഉണ്ടായി.ബ്രൂവറി പദ്ധതി മൂലം ഒരാള്‍ക്കും പ്രശ്‌നമുണ്ടാകില്ലെന്നായിരുന്നു സിപിഎമ്മിന്റെ പക്ഷം.

അതേസമയം, പദ്ധതിക്ക് ആവശ്യമായ വെള്ളം അനുവദിക്കാന്‍ പുതുശേരി പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. വാളയാര്‍, കോരയാര്‍ പുഴകളില്‍ നിന്ന് വെള്ളം നല്‍കും. എന്നാല്‍ വിവാദമായതോടെ തങ്ങള്‍ പദ്ധതിയുടെ കെട്ടിട നിര്‍മാണത്തിനുള്ള വെള്ളം എടുക്കാനുള്ള എന്‍ഒസി മാത്രമാണ് നല്‍കിയതെന്ന് വൈസ് പ്രസിഡന്റ് വിശദീകരിച്ചു. വിഷയത്തില്‍ കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധം ശക്തമാക്കി.