Headlines

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; എൽഡിഎഫിന്റെ വോട്ട് വർധിച്ചു, യുഡിഎഫ് ജയിച്ചയിടങ്ങളിൽ അവരുടെ ഭൂരിപക്ഷം നന്നായി കുറഞ്ഞെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സീറ്റ് നില വർധിച്ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. യുഡിഎഫ് വിജയിച്ചയിടങ്ങളിൽ അവരുടെ ഭൂരിപക്ഷം കുറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ എൽഡിഫ് രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കിയെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനുപിന്നാലെയാണ് ഗോവിന്ദൻ മാധ്യമങ്ങളോട് സംസാരിച്ചത്.

തൃക്കൊടിത്താനം ജില്ലാ പഞ്ചായത്ത് എൽഡിഎഫ് പിടിച്ചെടുത്തത് 2140 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ്. പല്ലശന പഞ്ചായത്തിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം 10,000 കടന്നു. സീറ്റ് നില 15-ൽ നിന്ന് 18 സീറ്റായി വർധിപ്പിക്കാൻ എൽഡിഎഫിന് കഴിഞ്ഞു. യുഡിഎഫ് ജയിച്ചയിടങ്ങളിൽ ഇടങ്ങളിൽ അവരുടെ ഭൂരിപക്ഷം നല്ല നിലയിൽ കുറഞ്ഞു. എൽഡിഎഫ് ജയിച്ച ഇടത്ത് വലിയ വർദ്ധനവ് ഉണ്ടായി.

കല്ലറയിലെ യുഡിഎഫ് വിജയം ബിജെപി ധാരണയിൽ ഉണ്ടായതാണ്. കല്ലറയിൽ കഴിഞ്ഞവട്ടം പതിനായിരം വോട്ട് കിട്ടിയ ബിജെപിക്ക് ഇത്തവണ 5700 ഓളം വോട്ടാണ് കിട്ടിയത്. 4,500 ലേറെ വോട്ടുകളുടെ കുറവുണ്ടായി. കുറ്റിച്ചിറയിൽ ജയത്തോട് അടുത്തുള്ള തോൽവിയാണ് ഉണ്ടായതെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.