Headlines

‘ട്രംപ് നുണയനെന്ന് പറയാൻ മോദിക്ക് ധൈര്യമുണ്ടോ?’; ഇന്ദിരാഗാന്ധിയെ പോലെ ധൈര്യമുള്ള പ്രധാനമന്ത്രിയെയാണ് ആവശ്യം; രാഹുൽ ഗാന്ധി

ഡോണൾഡ് ട്രംപ് നുണയനെന്ന് പറയാൻ നരേന്ദ്രമോദിക്ക് ധൈര്യമുണ്ടോ? പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി. ഇന്ത്യ പാക് വെടിനിര്‍ത്തല്‍ കൊണ്ടുവന്നത് താനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത് കള്ളമാണെങ്കില്‍ എന്തുകൊണ്ട് ട്രംപിനെ നുണയനെന്ന് വിളിക്കാന്‍ പ്രധാനമന്ത്രി മടിക്കുന്നു.

വെടിനിർത്തൽ പ്രഖ്യാപിച്ച കാര്യം 29 തവണ അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. സത്യം എന്താണെന്ന് പ്രധാനമന്ത്രി പറയണം. ധൈര്യമുണ്ടെങ്കിൽ ട്രംപ് പറയുന്നത് നുണയാണെന്ന് പറയണം. മോദി സംസാരിക്കുമ്പോൾ അദ്ദേഹമത് പറയണമെന്ന് രാഹുൽ ​ഗാന്ധി പറ‍ഞ്ഞു.

1971-ലെ യുദ്ധവുമായാണ് ഓപ്പറേഷന്‍ സിന്ദൂറിനെ പ്രതിരോധ മന്ത്രി താരതമ്യപ്പെടുത്തിയത്. അന്നത്തെ യുദ്ധത്തില്‍ ഭരണനേതൃത്വത്തിന് രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടായിരുന്നുവെന്നാണ് അദ്ദേഹത്തെ ഓര്‍മിപ്പിക്കാനുള്ളത്.

അമേരിക്കന്‍ നാവികസേനയുടെ ഏഴാം കപ്പല്‍ വ്യൂഹം ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് എത്തിയപ്പോഴും ബംഗ്ലാദേശില്‍ എന്താണോ ചെയ്യേണ്ടത് അത് ചെയ്യുമെന്നാണ് പ്രധാനമന്ത്രി ഇന്ദിര ഗാന്ധി പറഞ്ഞത്. അതാണ് രാഷ്ട്രീയ ഇച്ഛാശക്തി. അവിടെ യാതൊരു ആശയക്കുഴപ്പവുമില്ലായിരുന്നു.

ഒരു വിമാനം പോലും നഷ്ടമായില്ലെന്ന് മോദി പറയട്ടെ. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന അസം മുനീറിന് ട്രംപ് വിരുന്ന് നൽകി. നമ്മുടെ പ്രധാനമന്ത്രി എന്തെങ്കിലും പറഞ്ഞോ. വളരെ അപകടകരമായ രീതിയിലാണ് നമ്മൾ കടന്നു പോകുന്നത്.
ഇന്ദിരാഗാന്ധിയെ പോലെ ധൈര്യമുള്ള പ്രധാനമന്ത്രിയെയാണ് നമുക്ക് ആവശ്യം. ഇന്ത്യയെ ഒരിക്കലും യുദ്ധക്കളമാക്കി മാറ്റരുത്. പ്രധാനമന്ത്രിയുടെ ഇമേജിനേക്കാൾ വലുതാണ് നമ്മുടെ രാഷ്ട്രമെന്ന് അദ്ദേഹം മനസിലാക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.