തിരുവനന്തപുരം വെമ്പായത്തെ ഹാപ്പി ലാൻഡ് അമ്യൂസ്മെന്റ് പാർക്കിലെ അപകടത്തിൽ അധികൃതർക്കെതിരെ കേസെടുത്ത് പൊലീസ്. പാർക്കിന്റെ ചെയർമാൻ,സൂപ്പർവൈസർ, ഓപ്പറേറ്റർ, ഇലക്ട്രീഷ്യൻ എന്നിവർക്കെതിരെയാണ് വെഞ്ഞാറമൂട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്വിങ് ചെയർ സുരക്ഷാ സംവിധാനമില്ലാതെ പ്രവർത്തിപ്പിച്ചുവെന്നാണ് എഫ്‌ഐആറിൽ ഉള്ളത്. ബോധപൂർവം മനുഷ്യ ജീവന് ഹാനിയുണ്ടാക്കുന്നതിനിടയാക്കിയെന്ന വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
അപകടത്തിന് പിന്നാലെ അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ സുരക്ഷാസംവിധാനങ്ങള്‍ സംബന്ധിച്ച് വ്യാപക വിമർശനങ്ങൾ ഉയർന്നിരുന്നു. ഉയർന്ന് പൊങ്ങിയ സമയത്ത് വെൽഡിങ് പൊട്ടിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം. അപകടസമയത്ത് റൈഡിലുണ്ടായിരുന്നത് 26 പേരായിരുന്നു. 11 ഓളം ആളുകൾക്ക് അപകടത്തിൽ പരുക്കേറ്റിരുന്നു.
അതേസമയം, അപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അമ്യുസ്മെന്റ് പാർക്കുകൾ ഉൾപ്പടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കാനാണ് നിർദേശം. സംഭവുമായി ബന്ധപ്പെട്ട് കളക്ടർ റിപ്പോർട്ട് തേടിയിരുന്നു. വില്ലേജ് ഓഫീസർ കഴിഞ്ഞ ദിവസം തന്നെ അപകടസ്ഥലം സന്ദർശിച്ച് പരിശോധിച്ചിരുന്നു. റിപ്പോർട്ട് ഉടൻ കളക്ടർക്ക് കൈമാറും.






