പരിഷ്കൃത ജനാധിപത്യ സംവിധാനത്തിൽ ആദ്യം നടപ്പാക്കേണ്ടതാണ് എസ്ഐആർ എന്ന് ബി. ജെ. പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വോട്ടർ പട്ടിക പരിഷ്കരിക്കുന്നത് ബിജെപി അല്ല, തിരഞ്ഞെടുപ്പ് കമ്മീഷനാണ്. വോട്ടർ പട്ടിക ശുദ്ധീകരിച്ചാൽ എൽഡിഎഫും യുഡിഎഫും കുടുങ്ങുമെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
കുതന്ത്രങ്ങളിലൂടെ ഇനി ജയിക്കാനാകില്ല എന്നതാണ് എൽഡിഎഫിനും യുഡിഎഫിനും ഭീതി ഉണ്ടാക്കുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കോൺഗ്രസിന്റെ കാര്യമാണ് കഷ്ടം. അന്യരാജ്യങ്ങളിൽ നിന്ന് നുഴഞ്ഞ് കയറിയവർക്ക് പോലും കോൺഗ്രസ് ഐഡി കാർഡ് നൽകി. വോട്ട് ചോറി റാലി അർത്ഥമില്ലാത്തതാണെന്ന് സുരേന്ദ്രൻ പറഞ്ഞു.
കള്ള വോട്ട് ചേർക്കാൻ സിപിഐഎം എന്നും ശ്രമിച്ചിട്ടുണ്ട്. മുസ്ലിം ലീഗിന് സ്വാധീനമുള്ള മലപ്പുറം, കാസർകോട് ജില്ലകളിൽ അവർ ക്രമക്കേട് നടത്താറുണ്ടെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. അതേസമയം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വോട്ടർ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധന (എസ്‌ഐആർ) നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി.






