കൊച്ചി: മുണ്ടംവേലിയിലെ പി ആന്റ് ടി ഫ്ലാറ്റിലെ താമസക്കാർക്കെതിരെയുള്ള അധിക്ഷേപ പരാമർശം പിൻവലിക്കുന്നെന്ന് മുൻ എംഎൽഎ കെ ജെ മാക്സി.പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ പിൻവലിക്കുന്നു. തന്റെ വീട്ടിലേക്ക് മാർച്ച് നടത്തും എന്ന് പറഞ്ഞാൽ ഭയപ്പെടുന്നില്ലെന്നും കെ ജെ മാക്സി പറഞ്ഞു. ഫ്ലാറ്റിലെ ശോച്യാവസ്ഥയിൽ പ്രതിഷേധം കടുപ്പിക്കുകയാണ് താമസക്കാർ. അധിക്ഷേപ പരാമർശത്തിൽ ഇന്ന് കെ ജെ മാക്സിയുടെ വീട്ടിലേക്ക് താമസക്കാർ മാർച്ച് നടത്തും.
നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനാണെന്ന് കെജെ മാക്സി പറഞ്ഞു. എൽഡിഎഫിനെ കുറ്റപ്പെടുത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. അതിനെതിരെയാണ് താൻ പ്രതികരിച്ചതെന്ന് കെജെ മാക്സി വിശദീകരിച്ചു. അവർ അവരുടെ ആവശ്യത്തിനുവേണ്ടി ഇപ്പോൾ സർക്കാരിനൊപ്പം നിന്നതാകുമെന്നും അതിന് അവരെ കുറ്റപ്പെടുത്തുന്നില്ലെന്നും അദേഹം കൂട്ടിച്ചേർത്തു.ആരുടെ ഭാഗത്താണ് കുഴപ്പമുണ്ടായത് എന്ന് അന്വേഷിക്കണമെന്ന് കെജെ മാക്സി ആവശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കേണ്ടത്. അല്ലാതെ പൊളിച്ച് കളയും എന്നു പറഞ്ഞ് ആക്ഷേപിക്കരുത്. പൊളിച്ചു കളയും എന്നു പറഞ്ഞത് രാഷ്ട്രീയം. അതിനെതിരെയാണ് പ്രതികരിച്ചത്. നിർമ്മാണത്തിലുണ്ടായ അപാകതകളാണ് ഇപ്പോൾ വിഷയമായത്. ഫ്ലാറ്റ് പൊളിക്കുകയാണെങ്കിൽ താമസിക്കാൻ ഉള്ള നടപടിയെടുക്കണമെന്ന് കെജെ മാക്സി ആവശ്യപ്പെട്ടു.







