Headlines

സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ഇന്ന് ചേരും; പി എം ശ്രീയില്‍ തുടര്‍നടപടി ആലോചിക്കും

പി എം ശ്രീ പദ്ധതിയില്‍ ഏകപക്ഷീയമായി ഒപ്പിട്ടതില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് ആലോചിക്കാന്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ഇന്ന് ചേരും. രാവിലെ 10.30 ന് ആലപ്പുഴയിലാണ് യോഗം. മന്ത്രിസഭയിലോ മുന്നണിയിലോ ചര്‍ച്ച ചെയ്യാതെ ധാരണ പത്രത്തില്‍ ഒപ്പുവെച്ചതില്‍ പ്രതിഷേധിച്ച് മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് സെക്രട്ടേറിയേറ്റ് യോഗത്തിലെ ധാരണ.

ധാരണാപത്രത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ സിപിഐഎം നേതൃത്വവും മുഖ്യമന്ത്രിയും തയാറാകാത്ത പക്ഷം മന്ത്രിസഭായോഗം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിന് സംസ്ഥാന എക്‌സിക്യൂട്ടീവും അംഗീകാരം നല്‍കും. ബഹിഷ്‌കരണം പോരാ മന്ത്രിമാരെ രാജിവെപ്പിക്കണം എന്ന ആവശ്യവും സിപിഐ നേതൃത്വത്തില്‍ ശക്തമാണ്. യോഗത്തിനു മുമ്പ് മുഖ്യമന്ത്രി സിപിഐ നേതാക്കളുമായി സംസാരിക്കുമെന്നും സൂചനയുണ്ട്. ഇന്ന് ആലപ്പുഴയില്‍ മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറിയും ഒരുമിച്ച് വേദി പങ്കിടുന്ന പരിപാടിയുമുണ്ട്.

അതേസമയം, പിഎം ശ്രീ പദ്ധതിയില്‍ സ്‌കൂള്‍ പട്ടിക അടക്കം ഉടന്‍ നല്‍കില്ലെന്ന ട്വന്റിഫോര്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്ത ശരിവെച്ചിരുന്നു. പി എം ശ്രീ പദ്ധതിയുടെ ഫണ്ട് കേരളത്തിന് വേണ്ടെന്നും, തുടര്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. അതേസമയം,നയപരമായ തീരുമാനത്തിന് ശേഷം മാത്രമേ പി എം ശ്രീയില്‍ തിരുമാനം എടുക്കാവു എന്ന നിയമവകുപ്പിന്റെ ഉപദേശം മറികടന്നാണ് വിദ്യാഭ്യാസ വകുപ്പ് ധാരണപത്രത്തില്‍ ഒപ്പിട്ടത്.

പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടെ ഒരു മാറ്റവും വരുത്തില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. എംഒയുവില്‍ ഒപ്പിടുന്നതിന് മുന്‍പ് നയപരമായി തീരുമാനം വേണമെന്നായിരുന്നു നിയമ വകുപ്പിന്റെ ഉപദേശം. പിഎം ശ്രീ നടപ്പാക്കിയാല്‍ ദേശീയ വിദ്യാഭ്യാസ നയം അതേ രീതിയില്‍ നടപ്പാക്കേണ്ടി വരുമെന്നും ഇതില്‍ നിയമ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.