Headlines

‘പഴയ UDF സർക്കാരുകളുടെ മദ്യനയത്തോട് കൂറുപുലർത്തണം’; സര്‍ക്കാരിന്റെ മദ്യനയം ഉടന്‍ പ്രഖ്യാപിക്കണമെന്ന് KCBC

 

കൊച്ചി: സര്‍ക്കാരിന്റെ മദ്യനയം ഉടന്‍ പ്രഖ്യാപിക്കണമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി. മദ്യലഭ്യത കുറച്ചുകൊണ്ട് വരുന്നതാവണം പുതിയ നയമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി അഭിപ്രായപ്പെട്ടു. പഴയ യുഡിഎഫ് സര്‍ക്കാരുകളുടെ മദ്യനയത്തോട് കൂറുപുലര്‍ത്തുന്നതാവണം സര്‍ക്കാരിന്റെ മദ്യനയം എന്നും വീര്യം കുറഞ്ഞ മദ്യ ഉല്‍പ്പാദനത്തിന് അനുമതി നല്‍കരുതെന്നും കെസിബിസി പറഞ്ഞു. മാരക ലഹരികള്‍ക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ മുന്നേറ്റത്തെ പിന്തുണയ്ക്കുന്നുവെന്നും മദ്യവും ലഹരിവസ്തുവാണ് എന്ന കാര്യം വിസ്മരിക്കരുതെന്നും കെസിബിസി വ്യക്തമാക്കി. വീര്യം കൂടിയ മദ്യത്തിന്റെ വീര്യം ഘട്ടം ഘട്ടമായി കുറച്ചുകൊണ്ട് വന്ന് സമ്പൂര്‍ണ്ണ മദ്യനിരോധനമെന്ന യുഡിഎഫിന്റെ മാനിഫെസ്റ്റോയോട് വി ഡി സതീശന്‍ സര്‍ക്കാര്‍ കൂറുപുലര്‍ത്തണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

 

തൂഫാന്‍ വാരിയേഴ്‌സിനെ നിശ്ചയിക്കുന്നതില്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യമുളള ലഹരിവിരുദ്ധ പ്രവര്‍ത്തകര്‍ക്ക് അയിത്തം കല്‍പ്പിക്കുന്നത് വിരോധാഭാസമാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി കുറ്റപ്പെടുത്തി. ലഹരിവിരുദ്ധ ബോധവല്‍ക്കര പരിപാടികളില്‍ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ റിസോഴ്‌സ് ടീമിനെ കൂട്ടിച്ചേര്‍ക്കണമെന്നും ലഹരിക്കെതിരെയുളള നീക്കത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുളളവരെ ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഗുണ്ടകളെയും മദ്യപരെയും മദ്യം വിളമ്പുന്ന സംഘടനകളെയും ഒഴിവാക്കണമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി കൂട്ടിച്ചേർത്തു.വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നല്‍കുന്നതില്‍ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗും മാര്‍ത്തോമാ സഭയും നേരത്തെ രംഗത്തെത്തിയിരുന്നു. വീര്യം കുറഞ്ഞ മദ്യമായാലും കൂടിയ മദ്യമായാലും രണ്ടും സമാനമാണെന്നും ഇവ രണ്ടും വില്‍ക്കാന്‍ പാടില്ലെന്നാണ് ലീഗിന്റെ നിലപാടെന്നുമാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞത്. മദ്യനയത്തില്‍ യുഡിഎഫില്‍ ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമുണ്ടാകൂ എന്നും സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. മദ്യം, വീര്യം കൂടിയതോ കുറഞ്ഞതോ എന്നല്ല, മദ്യരഹിതമായ കേരളമാണ് വേണ്ടതെന്ന് മാര്‍ത്തോമാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പൊലീത്തയും പറഞ്ഞു.