സാമുദായിക പിന്തുണ ഉറപ്പാക്കാൻ യുഡിഎഫ് നേതാക്കള്‍; താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി കുഞ്ഞാലിക്കുട്ടി

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സാമുദായിക പിന്തുണ ഉറപ്പാക്കാൻ യുഡിഎഫ് നേതാക്കൾ. താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിലുമായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ച നടത്തി. നോളജ് സിറ്റിയിലെത്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെയും സന്ദർശിച്ചു. തിരുവമ്പാടിയിലെ യുഡിഎഫ് സ്ഥാനാർഥി സി കെ കാസിമിന് ഒപ്പമെത്തിയാണ് ബിഷപ്പിനെ കണ്ടത്.

അതേസമയം, സിപിഐഎം-ബിജെപി ഡീല്‍ വെറും ആരോപണമല്ല, യാഥാര്‍ത്ഥ്യമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പല മണ്ഡങ്ങളിലും അത് പ്രകടമാണ്. ഇടതുപക്ഷം ദുര്‍ബല സ്ഥാനാര്‍ഥികളെയാണ് നിര്‍ത്തിയത്. പാലക്കാട് യുഡിഎഫിന്റെ വോട്ട് ഭിന്നിപ്പിച്ച് ബിജെപിയെ ജയിപ്പിക്കാനാണ് നീക്കം. പാലക്കാട് എല്‍ഡിഎഫ് മൂന്നാം സ്ഥാനത്താണ്. മലമ്പുഴയില്‍ സിപിഐഎമ്മിന്റെ റിബല്‍ ആണ് യുഡിഎഫ് സ്ഥാനാര്‍ഥി. അതെങ്ങനെ ഡീലാകുമെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. മലപ്പുറത്തുവെച്ച് റിപ്പോര്‍ട്ടര്‍ ഇലക്ഷന്‍ എക്‌സ്പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലക്കാടും കാസര്‍കോടും ഡീലുണ്ട് എന്നതിന് തെളിവാണ് സ്ഥാനാര്‍ഥി നിര്‍ണയം. വോട്ട് ഭിന്നിപ്പിച്ച് ബിജെപി ജയിക്കട്ടെയെന്നാണ് നിലപാട്. പിണറായി വിജയനെതിരെ വ്യക്തിപരമായ ആരോപണം ഉന്നയിക്കാനില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.