കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് യൂറോപ്യൻ യൂണിയൻ (ഇയു) രാജ്യങ്ങളിലേക്കു പഴം, പച്ചക്കറി ഇനങ്ങൾ നേരിട്ടു കയറ്റുമതി ചെയ്യുന്നതിന് അനുമതിയായി. കരിപ്പൂരിലെ കാർഗോ ചുമതലയുള്ള കെഎസ്ഐഇ അധികൃതർക്ക്, കയറ്റുമതിക്കാവശ്യമായ പരിശോധനകൾക്കും നടപടിക്രമങ്ങൾക്കുമുള്ള അനുമതിപത്രം ലഭിച്ചു.കരിപ്പൂരിൽനിന്നു രാജ്യാന്തര കയറ്റുമതിക്ക് ഇതുവരെ ഗൾഫ് രാജ്യങ്ങളിലേക്കു മാത്രമാണ് അനുമതിയുണ്ടായിരുന്നത്. കരിപ്പൂരിൽനിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കു നേരിട്ടു വിമാനം ഇല്ലെങ്കിലും, അനുമതി ലഭിച്ചതോടെ ദുബായ് പോലുള്ള വിമാനത്താവളങ്ങളിൽ ഇറക്കി കണക്ഷൻ വിമാനങ്ങൾ വഴി കയറ്റുമതി സാധിക്കും. മറ്റു വിമാനത്താവളങ്ങളിൽ ഇറക്കിയ ശേഷം വീണ്ടും പരിശോധനകളോ കാലതാമസമോ ഇല്ലാതെ ചരക്ക് നിശ്ചിത യൂറോപ്യൻ രാജ്യത്ത് എത്തിക്കാനാകും എന്നതാണു നേട്ടം. ഇയുവിനു പിന്നാലെ, ലണ്ടനിലേക്കുള്ള കയറ്റുമതി അനുമതിയും വൈകാതെ ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.കരിപ്പൂരിലെ കയറ്റുമതി ഏജൻസികൾക്കു നിലവിൽ യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഒട്ടേറെ ഓർഡർ ലഭിക്കാറുണ്ട്. പലരും കൊച്ചി വഴിയോ ബെംഗളൂരു വഴിയോ ആണ് കയറ്റുമതി ചെയ്യുന്നത്. അയൽസംസ്ഥാനങ്ങളിൽനിന്നാണ് കയറ്റുമതിക്കുള്ള പച്ചക്കറി കൂടുതലും എത്തുന്നത്. ചുരമിറങ്ങിയെത്തുന്ന ലോറികൾക്ക്, അടുത്തുള്ള വിമാനത്താവളം എന്നതിനാൽ വലിയ സാധ്യതകളാണ് കോഴിക്കോട് വിമാനത്താവളത്തിന്. ചരക്ക് കൊച്ചിയിലേക്കോ മറ്റോ കൊണ്ടുപോകാതെ നേരിട്ടു കയറ്റുമതി ചെയ്യാനാകും. വലിയ വിമാനങ്ങളുടെ തിരിച്ചുവരവുകൂടി സാധ്യമാകുന്നതോടെ കയറ്റുമതിയിൽ വലിയ നേട്ടമുണ്ടാക്കാൻ കോഴിക്കോട് വിമാനത്താവളത്തിനു സാധിക്കും.
കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് പഴം, പച്ചക്കറി; നേരിട്ടുള്ള കയറ്റുമതിക്ക് അനുമതി






