Headlines

‘മൂന്ന് പത്മ പുരസ്കാരങ്ങൾ സ്വാഗതാർഹം; മറ്റ് പുരസ്കാരങ്ങളെ കുറിച്ച് അഭിപ്രായമില്ല’, വെള്ളാപ്പള്ളിയ്‌ക്കെതിരെ ഒളിയമ്പുമായി കെ മുരളീധരൻ

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കുത്തി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പ്രഖ്യാപിച്ച മൂന്ന് പത്മ പുരസ്കാരങ്ങൾ സ്വാഗതാർഹമാണ്. വി എസ് അച്യുതാനന്ദന് നൽകിയ മരണാനന്തര ബഹുമതിയായി നൽകിയ പത്മവിഭൂഷൺ ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ സമൂഹത്തിന് ചെയ്ത അംഗീകാരമാണ്. നടൻ മമ്മൂട്ടിയ്ക്ക് ലഭിച്ച പത്ഭൂഷൺ ബഹുമതി കലാ രംഗത്ത് അദ്ദേഹം ചെയ്ത സേവനത്തിനുള്ള അംഗീകാരമാണ്. അതുപോലെയാണ് ശ്രീമതി വിമലാ മേനോന് നൽകിയ പത്മശ്രീയും, ഈ മൂന്ന് അംഗീകാരങ്ങളും അഭിമാനമുള്ളതാണ് എന്നാൽ മറ്റ് പുരസ്കാരങ്ങളെ കുറിച്ച് അഭിപ്രായം പറയുന്നില്ലെന്ന് കെ മുരളീധരൻ പറഞ്ഞു.പത്മ പുരസ്കാരങ്ങൾ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുത്. അത് ശെരിയായ നടപടി അല്ല ഇതിലൊക്കെ ചില ദുരുദ്ദേശങ്ങൾ ജനങ്ങൾ കാണുന്നുണ്ട്. അത് തെറ്റാണെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ശശി തരൂർ സിപിഐഎം ചർച്ചയിലും കെ മുരളീധരൻ പ്രതികരണം നടത്തുകയുണ്ടായി. തരൂരിനെപോലെ അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന നേതാവ് മുങ്ങുന്ന കപ്പലിൽ കയറുമെന്ന് സാമാന്യബോധമുള്ള ആരും വിശ്വസിക്കില്ല. ക്യാപ്റ്റൻ അടക്കം മുങ്ങാൻ പോകുന്ന കപ്പലാണ്. കോൺഗ്രസ് പാർട്ടിയിൽ തരൂരിന് അഭിപ്രായവ്യത്യാസം ഉണ്ടാകാം. മഹാ പഞ്ചായത്തിൽ തരൂരിന്റെ പേര് പരാമർശിക്കാത്തതിൽ അദ്ദേഹത്തിന് പ്രയാസമുണ്ടായിട്ടുണ്ട് എന്നകാര്യം സത്യമാണ്. രാഹുൽ ഗാന്ധിക്ക് എഴുതി നൽകിയ പേരുകളാണ് വായിച്ചത്. അല്ലാതെ അദ്ദേഹം മനഃപൂർവ്വം ശശി തരൂരിന്റെ പേര് ഒഴിവാക്കിയിട്ടില്ല. ഫുൾടൈം രാഷ്ട്രീയക്കാരൻ അല്ലാത്തതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ അദ്ദേഹത്തെ വേദനിപ്പിക്കുന്നത് കെ മുരളീധരൻ വ്യക്തമാക്കി.