തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ഇരുമ്പ് അടുപ്പ് കൊണ്ടുവരാനുള്ള നീക്കം അഴിമതിയുടെ തുടക്കമാണെന്ന് വി ശിവൻകുട്ടി. ഇരുമ്പ് നല്ലതല്ല എന്ന് ആറ്റുകാൽ ട്രസ്റ്റ് അറിയിച്ച സാഹചര്യത്തിലാണ് ഇങ്ങനെയൊരു നീക്കവുമായി കോർപ്പറേഷൻ രംഗത്ത് വരുന്നത്. കല്ലിന്റെ അടുപ്പ് മാറ്റി ഇരുമ്പടുപ്പ് കൊണ്ടുവരുന്നത് കഴിഞ്ഞ വർഷം കോർപ്പറേഷന് സംഭവിച്ച ശുചീകരണത്തിലെ പാളിച്ചകൾ മറച്ചു വെക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം പൊങ്കാലയ്ക്ക് ശേഷം തിരുവനന്തപുരം നഗരത്തിൽ മാലിന്യം നീക്കം ചെയ്യുന്നതിൽ ബി ജെ പി ഭരണകൂടത്തിന് വലിയ പരാജയമാണ് സംഭവിച്ചത്. മുൻ വർഷങ്ങളിൽ ഇടതുപക്ഷം ഭരിക്കുമ്പോൾ യാതൊരു പ്രശ്നവുമില്ലാതെ മുന്നോട്ട് പോയ സംവിധാനമാണ് ഇപ്പോൾ ബി ജെ പി ഭരണത്തിൽ താറുമാറായിരിക്കുന്നത്.
എന്തിനാണ് മേയർ ഏകപക്ഷീയമായി തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. വിശ്വാസ സംരക്ഷകർ എന്ന് അവകാശപ്പെടുന്നവർ തന്നെ വിശ്വാസ ലംഘകരാകുന്നതാണ് കാണുന്നത്. നേരത്തെ പൊങ്കാലയ്ക്ക് ഉപയോഗിച്ച ചുടുകല്ല് പാവപ്പെട്ട വീട്ടുകാർക്ക് വീട് നിർമിക്കാൻ നൽകുമായിരുന്നു ഇനി അത് ഇല്ലാതെയാകുമെന്നും വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.







