Headlines

ഷോണിന്റെ ‘ബോംബ്’ തിരിച്ചടിയായി; ബിജെപിക്കുള്ളിൽ അമർഷം, പ്രതിഷേധം മരവിപ്പിക്കാൻ നീക്കം

തിരുവനന്തപുരം∙ മാസപ്പടി കേസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് രേഖകൾ പുറത്തുവിട്ടതിനു പിന്നാലെ മുതിർന്ന നേതാവ് വി.മുരളീധരൻ എംഎൽഎയ്ക്കെതിരെ ആരോപണം വ്യാപകമായതിൽ ബിജെപിക്കുള്ളിൽ അമർഷം. പിണറായി വിജയൻ മറുപടി പറയേണ്ട വിഷയത്തിൽ വി.മുരളീധരനെ അനാവശ്യമായി വലിച്ചിഴച്ചത് ഒട്ടും ശരിയായില്ലെന്നാണ് മുരളീധര, കൃഷ്ണദാസ് പക്ഷങ്ങളുടെ ആക്ഷേപം.യുഡിഎഫ് സർക്കാർ എഫ്‌ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ വൈകിയാൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ നടത്തിയ ആലോചനകൾ തൽക്കാലം മരവിപ്പിക്കാനുള്ള തീരുമാനത്തിലാണ് നേതൃത്വം. സിഎംആർഎലിൽനിന്നോ ശശിധരൻ കർത്തായിൽ നിന്നോ പണം വാങ്ങിയിട്ടില്ലെന്ന് വി.മുരളീധരന് ആവർത്തിച്ചു വിശദീകരിക്കേണ്ട സ്ഥിതിയാണുള്ളത്. ഇ.ഡി ശുപാർശയുമായി ബന്ധപ്പെട്ട് പിണറായി വിജയനും യുഡിഎഫ് സർക്കാരും കടുത്ത പ്രതിരോധത്തിലായിരിക്കുന്ന സമയത്ത് ശശിധരൻ കർത്തായുടെ ഡയറിക്കുറിപ്പുകൾ ഷോൺ പുറത്തുവിട്ടത് തിരിച്ചടിയായെന്നാണു വിലയിരുത്തൽ.ബിജെപി നേതാക്കളുടെ പേരുൾപ്പെടെ കൂടുതൽ പേരുകൾ പുറത്തുവരാനും പിണറായിയിൽനിന്നു ശ്രദ്ധ മാറിപ്പോകാനും ഇതു കാരണമായെന്നുമാണ് ആക്ഷേപം. എന്തുകൊണ്ട് കേസെടുക്കുന്നില്ല എന്ന് യുഡിഎഫ് സർക്കാരിനോടു ശക്തമായി ചോദിച്ചുകൊണ്ടിരുന്ന സ്ഥാനത്തുനിന്ന് സ്വന്തം നേതാക്കൾക്കെതിരായി ഉയർന്ന ആരോപണത്തിനു മറുപടി പറയേണ്ട നിലയിലേക്ക് പാർട്ടിക്കു പിൻവാങ്ങേണ്ടിവന്നുവെന്നും നേതാക്കൾ പറയുന്നു. ഷോണിന്റെ നടപടിയിൽ വി.മുരളീധരനും കടുത്ത അതൃപ്തിയിലാണ്. ഷോൺ പുറത്തുവിട്ട രേഖകളുടെ ആധികാരികതയിൽ സംശയമുണ്ടെന്ന മുരളീധരന്റെ പ്രതികരണം ഇതിന്റെ സൂചനയാണ്. അതേസമയം, ഷോണിനെതിരെ ദേശീയനേതൃത്വത്തിനു പരാതി നൽകിയിട്ടില്ലെന്നും ഷോൺ സഹപ്രവർത്തകനാണെന്നും മുരളീധരൻ പ്രതികരിച്ചു.

പല മുതിർന്ന നേതാക്കളും ഷോണിന്റെ നടപടിക്കെതിരായ എതിർപ്പ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് വി.മുരളീധരന് പാർട്ടി പിന്തുണ അറിയിച്ച് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയത്. വി.മുരളീധരനെ ലക്ഷ്യം വച്ച്, വിഷയത്തിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ മറ്റു വിവാദങ്ങൾ ഉയർത്തുന്നത് രാഷ്ട്രീയമായി മാത്രമേ കാണാനാകൂ എന്നും അദ്ദേഹം പറഞ്ഞു. വി.മുരളീധരന്റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ള ശ്രമം അതിന്റെ ഭാഗമാണ്. പുറത്തുവന്ന റിപ്പോർട്ടുകൾ അദ്ദേഹം തന്നെ നിഷേധിച്ചിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു.