പ്രധാനമന്ത്രി മോദിക്ക് മാലദ്വീപിൽ ഗംഭീര സ്വീകരണം, പ്രസിഡന്‍റ് മുഹമ്മ​ദ് മുയിസു നേരിട്ടെത്തി; ഗാർഡ് ഓഫ് ഓണർ നൽകി

മാലെ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാലദ്വീപിൽ ഗംഭീര സ്വീകരണം. 60 -ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി മാലിയിലെ വെലാന ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ മോദിയെ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു നേരിട്ടെത്തി സ്വീകരിച്ചു. ഇന്ത്യൻ പ്രധാനമന്ത്രിക്ക് മാലദ്വീപിന്‍റെ ഗാർഡ് ഓഫ് ഓണറും നൽകി. മോദിയുടെ ഈ സന്ദർശനം, 2023-ൽ മുയിസു അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യ – മാലദ്വീപ് ബന്ധത്തിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഗുണമാകുമെന്നാണ് വ്യക്തമാകുന്നത്. ‘ഇന്ത്യ – മാലദ്വീപ് സൗഹൃദം പുതിയ ഉയരങ്ങൾ കൈവരിക്കും’ എന്നാണ് മോദി സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇന്ത്യ – യുകെ ചരിത്രപ്രാധാന്യമുള്ള വാണിജ്യ കരാർ യാഥാർത്ഥ്യമാക്കിയ ശേഷമാണ് യു കെയിൽ നിന്ന് മോദി, മാലദ്വീപിൽ പറന്നിറങ്ങിയത്.

അതിനിടെ ഇന്ത്യയും യു കെയും തമ്മിൽ ഒപ്പിട്ട ചരിത്രപരമായ വ്യാപാര കരാറിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യ – യു കെ വ്യാപാര കരാർ യാഥാർഥ്യത്തിലായതോടെ നിരവധി സാധനങ്ങളുടെയും പല കാറുകളുടെയും തീരുവ കുറയും. സ്കോച്ച് വിസ്കിയുടെ തീരുവ 150 ൽ നിന്ന് 75 ആയിട്ടാണ് കുറയുക. അടുത്ത പത്ത് വർഷത്തിൽ ഇത് 40 ശതമാനമായി കുറയുമെന്നും കരാറിൽ പറയുന്നു. ആഡംബര കാറുകളായ ജാഗ്വാർ, ലാൻഡ്റോവർ തുടങ്ങിയ കാറുകളുടെ ചുങ്കം 100 ൽ നിന്ന് 10 ആയി കുറയും. നിശ്ചിത എണ്ണം കാറുകളാവും തീരുവ കൂറച്ച് ഇറക്കുമതി അനുവദിക്കുകയെന്നും കരാറിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ കമ്പനികൾ നിയമിക്കുന്ന ജീവനക്കാർക്ക് സാമൂഹ്യ സുരക്ഷ നിധി വിഹിതം നൽകുന്നതിൽ 3 കൊല്ലം ഇളവും ലഭിക്കും. ഇന്ത്യൻ പ്രൊഫഷണലുകൾക്ക് യു കെ ഓഫീസ് ഇല്ലെങ്കിലും 2 കൊല്ലം 35 മേഖലകളിൽ തൊഴിൽ ചെയ്യാമെന്നതാണ് കരാറിലെ മറ്റൊരു സവിശേഷത.
ഇന്ത്യയിലെ സമുദ്രോത്പന്നങ്ങൾ, കാപ്പി, തേയില എന്നിവയ്ക്ക് കരാർ പ്രകാരം തീരുവ ഒഴിവാക്കും. സുഗന്ധ വ്യഞ്ജനം, ടെക്സ്റ്റൈൽസ്, ചെരുപ്പ്, എന്നിവയ്ക്കും തീരുവ ചുമത്തില്ല. കയറ്റുമതി മേഖലയ്ക്ക് ഊര്‍ജം നൽകുന്നതാണ് വ്യാപാരക്കരാര്‍. യു കെ ഉത്പന്നങ്ങളുടെ ഇന്ത്യയിലെ തീരുവ 3 ശതമാനമായി കുറയും. ക്ഷീരോത്പന്നങ്ങൾ, ആപ്പിൾ തുടങ്ങിയവയ്ക്ക് ഇന്ത്യ തീരുവ ഇളവ് നൽകില്ലെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള ചെമ്മീനും തീരുവയില്ലാതെ യു കെ ഇറക്കുമതി ചെയ്യും. സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടി തുടങ്ങിയവയുടെ തീരുവയും കുറച്ചു. തേയില, കാപ്പി എന്നിവയുടെ ഇറക്കുമതി നിയന്ത്രണം ഒഴിവാക്കാനും യുകെ തയ്യാറായി.