ജ്ഞാനസഭയിൽ പങ്കെടുക്കുവാൻ മോഹൻ ഭാഗവത് കേരളത്തിൽ; വിസിമാരും പരിപാടിയുടെ ഭാഗമാകും

ജ്ഞാനസഭയിൽ പങ്കെടുക്കുവാൻ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് എറണാകുളത്ത്.സംസ്ഥാനത്തെ സർവകലാശാലകളുടെ വൈസ് ചാൻസിലർമാർ പരിപാടിയുടെ ഭാഗമാകും. കണ്ണൂർ, കാലിക്കറ്റ്, കുഫോസ്, തിരുവനന്തപുരം, സെൻട്രൽ എന്നീ യൂണിവേഴ്സിറ്റികളുടെ വിസിമാരാണ് ജ്ഞാനസഭയ്ക്ക് എത്തുന്നത്.

ഇരുപത്തിയെട്ടാം തീയതി വരെയാണ് ജ്ഞാനസഭ. സമാപനത്തോടനുബന്ധിച്ച് മോഹൻ ഭാഗവതിന്റെ പ്രഭാഷണം ഉണ്ടാകും. സംഘപരിവാർ സംഘടനയായ ശിക്ഷാ സംസ്കൃതി ഉത്ഥാൻ നിയാസിന്റെ നേതൃത്വത്തിലാണ് ജ്ഞാനസഭാ സംഘടിപ്പിച്ചിരിക്കുന്നത്.

സർവകലാശാല വിഷയത്തിൽ സംസ്ഥാന സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന ഗവർണർ രാജേന്ദ്ര അർലെക്കറും പരിപാടിയിൽ പങ്കെടുക്കും.ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതെത്തി. ഇന്നും നാളെയും പേപ്പതിയിലെ ആദിശങ്കര നിലയത്തിലാണ് ജ്ഞാനസഭ സംഘടിപ്പിച്ചിരിക്കുന്നത്. 27, 28 തീയതികളിൽ അമൃത വിദ്യ പീഠത്തിലാകും പരിപാടി.