1 വർഷം ഡെപ്യൂട്ടി മേയർ പദവി ഉറപ്പാക്കി മുസ്ലീംലീഗ്, കൊച്ചിയിൽ T K അഷ്‌റഫ്‌ ഡെപ്യൂട്ടി മേയർ ആകും

കൊച്ചി കോർപറേഷനിലെ ലീഗ് – കോൺഗ്രസ്‌ തർക്കം പരിഹരിച്ചു. 1 വർഷം ഡെപ്യൂട്ടി മേയർ പദവി ഉറപ്പാക്കി ലീഗ്. T K അഷ്‌റഫ്‌ ഡെപ്യൂട്ടി മേയർ ആകും. കുഞ്ഞാലിക്കുട്ടി – കോൺഗ്രസ്‌ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. കോർപറേഷൻ മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് അവസാനമായില്ല.

എൽഡിഎഫിൽ നിന്ന് കൊച്ചി കോർപറേഷൻ തിരിച്ചു പിടിക്കാൻ മുന്നിൽ നിന്ന് നയിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് തന്നോടു പറഞ്ഞതെന്ന് ദീപ്തി മേരി വർഗീസ് ഇന്ന് വ്യക്തമാക്കി. എന്നാൽ തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ എന്തുകൊണ്ടാണ് മറ്റൊരു തീരുമാനമുണ്ടായതെന്ന് പ്രതിപക്ഷ നേതാവാണ് പറയേണ്ടതെന്നും ദീപ്തി പറഞ്ഞു.

ദീപ്തിയെ തഴഞ്ഞത് ഭൂരിപക്ഷം കുറവായെന്നതിന്റെ പേരിലാണെങ്കിൽ മുന്നോട്ടുള്ള പദവി തീരുമാനിക്കലുകളിലും ഈ മാനദണ്ഡം പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കി മാത്യു കുഴൽനാടൻ എംഎൽഎയും രംഗത്തെത്തി

അതേസമയം കെപിസിസി മാനദണ്ഡങ്ങള്‍ പാലിച്ചുതന്നെയാണ് മേയറെ നിശ്ചയിക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. സാധാരണ പ്രവർത്തകരുടെ ഒന്നരവര്ഷത്തെ പ്രയത്നത്തിന്റെ ഫലമാണ് വിജയം. സാധാരണ പ്രവർത്തകരെ വേദനിപ്പിക്കരുത്.

ഭൂരിപക്ഷം എന്നത് മുന്‍പും അവലംബിച്ച മാതൃകയാണ്. വിജയത്തിന്റെ ശോഭ കെടുത്തരുതെന്നും സ്ഥാനമാനങ്ങള്‍ പങ്കുവെക്കുന്ന കാര്യത്തില്‍ കൂട്ടായ ചര്‍ച്ചകള്‍ വരുംദിവസങ്ങളില്‍ നടക്കുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. എല്ലാ ഘടകങ്ങളുമായി കൂടി ആലോചിച്ച് എടുത്ത തീരുമാനം.
തീരുമാനം അറിയിക്കുക മാത്രമാണ് തന്റെ ചുമതല. 2010ലും ഇതേ കീഴ്വഴക്കം തന്നെയാണ് സ്വീകരിച്ചത്. 2010 ഇതേ വിമർശനങ്ങളും ചർച്ചകളും നടന്നതാണ്.

‘ആരും വിജയത്തിന്റെ ശോഭ കെടുത്താന്‍ ശ്രമിക്കരുത്. കൂട്ടായ തീരുമാനമായിരുന്നു അത്. അത് പ്രഖ്യാപിക്കുകയെന്നത് മാത്രമാണ് പ്രസിഡന്റിന്റെ ചുമതല. സാധാരണ പ്രവര്‍ത്തകരുടെ ഒന്നര വര്‍ഷത്തെ കഠിനാധ്വാനത്തിന്റെയും പ്രയത്‌നത്തിന്റെയും ഫലമാണ് ഈ വിജയം.’ അവരെ വേദനിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തരുതെന്നും ഷിയാസ് അഭിപ്രായപ്പെട്ടു.

പവര്‍ ഗ്രൂപ്പ് എന്നത് പലരും ഉന്നയിക്കുന്ന ആരോപണം മാത്രമാണ്. അങ്ങനെയൊരു ഗ്രൂപ്പ് ഇല്ല. എല്ലാവരും ചേര്‍ന്നുള്ള കൂട്ടായ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങളെടുക്കുന്നത്.’ ഡെപ്യൂട്ടി മേയര്‍ സ്ഥാനം സംബന്ധിച്ച ലീഗിന്റെ പ്രതിഷേധം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും സ്ഥാനമാനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് കടക്കുന്നതേയുള്ളൂവെന്നും ഷിയാസ് കൂട്ടിച്ചേര്‍ത്തു.