മകൻ വീട് പൂട്ടി മുങ്ങി; വയോധികന്റെ മൃതദേഹം മണിക്കൂറുകളോളം വീട്ടുമുറ്റത്ത്

അനാഥാലയത്തിൽ വെച്ച് മരണപ്പെട്ട വയോധികന്റെ മൃതദേഹം സ്വന്തം വീട്ടുമുറ്റത്ത് മണിക്കൂറുകളോളം മകനെ കാത്തുകിടന്നു. തൃശൂർ കൈപ്പിള്ളി സ്വദേശിയായ പ്ലാക്കൻ തോമസിന്റെ (66) മൃതദേഹത്തോടാണ് സ്വന്തം മകൻ ക്രൂരമായ സമീപനം സ്വീകരിച്ചത്. മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ മകൻ വീട് പൂട്ടി സ്ഥലം വിട്ടതാണ് ഈ ദാരുണാവസ്ഥയിലേക്ക് നയിച്ചത്. പിന്നീട് നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ മൃതദേഹം പള്ളി സെമിത്തേരിയിൽ സംസ്കരിക്കുകയായിരുന്നു.

കഴിഞ്ഞ ഡിസംബറിലാണ് തോമസിനും ഭാര്യ റോസിലിക്കും നേരെ മകന്റെയും മരുമകളുടെയും ക്രൂരമായ മർദ്ദനമുണ്ടായത്. ഈ സംഭവം സംബന്ധിച്ച് അന്തിക്കാട് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്നുള്ള നടപടികളുടെ ഭാഗമായി നാട്ടുകാരുടെ സഹായത്തോടെ സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥർ ഇടപെടുകയും തോമസിനെയും ഭാര്യയെയും മണലൂരിലെയും കാരമുക്കിലെയും അനാഥാലയങ്ങളിലേക്ക് മാറ്റുകയുമായിരുന്നു.
ബുധനാഴ്ച പുലർച്ചെ മണലൂരിലുള്ള അനാഥാശ്രമത്തിൽ വെച്ചാണ് പ്ലാക്കൻ തോമസ് മരണപ്പെട്ടത്. വിവരമറിഞ്ഞ് ബന്ധുക്കൾ മൃതദേഹം കൈപ്പിള്ളിയിലെ വീട്ടിലെത്തിച്ചപ്പോൾ വീട് അകത്തുനിന്ന് പൂട്ടിയിട്ടിരുന്നു, മകൻ സ്ഥലത്തില്ലായിരുന്നു. ഇതോടെ,തോമസിന്റെ ഭാര്യയും മകളും മറ്റു ബന്ധുക്കളും ഉൾപ്പെടെയുള്ളവർ മൃതദേഹവുമായി ഏകദേശം ആറ് മണിക്കൂറോളം വീട്ടുമുറ്റത്ത് കാത്തിരിക്കേണ്ടി വന്നു. മകനുമായി ഫോണിൽ ബന്ധപ്പെടാൻ പലരും ആവർത്തിച്ച് ശ്രമിച്ചെങ്കിലും ഒരു ഫലവുമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ നാട്ടുകാരുടെയും ബന്ധുക്കളുടെയും മനുഷ്യത്വപരമായ ഇടപെടലിലൂടെയാണ് മൃതദേഹം എറവ് സെന്റ് തെരാസസ് കപ്പൽ പള്ളി സെമിത്തേരിയിൽ എത്തിച്ച് ആചാരപ്രകാരം സംസ്കരിക്കാൻ സാധിച്ചത്.