പയ്യന്നൂർ ∙ വി. കുഞ്ഞിക്കൃഷ്ണൻ എംഎൽഎയുടെ അനുഭാവിയും മുൻ സിപിഎം നേതാവുമായി ടി. പുരുഷോത്തമന്റെ ഷെഡ്ഡിന് തീയിട്ടു. ചെമ്മീൻ കൃഷിയുടെ ഭാഗമായി നിർമിച്ചിരുന്ന ഷെഡ്ഡിനാണ് തീയിട്ടത്. ഇന്നലെ രാത്രിയാണ് ആക്രമണം. ചെമ്മീൻ കൃഷിക്ക് ആവശ്യമായ വല, പെട്ടി, തീറ്റ എന്നിവ സൂക്ഷിക്കുന്ന ഷെഡ്ഡാണ് നശിപ്പിച്ചത്. ആക്രമിച്ചത് ആരാണെന്ന് വ്യക്തമല്ല. മുൻപ് പുരുഷോത്തമന്റെ കാറിനും അക്രമികൾ തീയിട്ടിരുന്നു.കഴിഞ്ഞ ദിവസം സിപിഎമ്മിനെതിരെ പുരുഷോത്തമന്‍ സമൂഹ മാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായതെന്നാണ് പുരുഷോത്തമന്റെ ആരോപണം. രാവിലെ കൃഷി നോക്കാനായി പുരുഷോത്തമന്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. സ്‌ഫോടക വസ്തു ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് അദ്ദേഹം പറഞ്ഞത്. പയ്യന്നൂർ മുൻ എംഎൽഎ ടി.ഐ. മധുസൂദനന്റെ അറിവോടെയാണ് ആക്രമണം നടന്നതെന്നും പുരുഷോത്തമൻ ആരോപിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഭയപ്പെടുത്തി കീഴ്പ്പെടുത്താനാണ് നീക്കമെന്ന് സംഭവ സ്ഥലത്തെത്തിയ വി. കുഞ്ഞികൃഷ്ണൻ എംഎൽഎ പ്രതികരിച്ചു.








