പാലക്കാട് ട്രെയിനിന് മുന്നില്‍ ഭാരതാംബ ചിത്രം വച്ച് ബിജെപിയുടെ സ്വീകരണം. റെയില്‍വേ പുതുതായി അനുവദിച്ച പാലക്കാട് – കോഴിക്കോട് പാസഞ്ചര്‍ ട്രെയിനിന് ഒലവക്കോട് നല്‍കിയ സ്വീകരണ ചടങ്ങിനിടെയാണ് ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചത്. പാലക്കാട്ടെ ബിജെപിയുടെ ജില്ലാ ഭാരവാഹികളടക്കം പരിപാടിയില്‍ പങ്കെടുത്തു.
അതേസമയം, ദേശീയപതാക കാവി നിറമാക്കണമെന്ന വിവാദ പരാമര്‍ശം നടത്തിയ ബിജെപി മുതിര്‍ന്ന നേതാവ് എന്‍ ശിവരാജനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പാലക്കാട് ടൗണ്‍ സൗത്ത് പൊലീസാണ് കേസെടുത്തത്. ബിഎന്‍എസ് 192 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കലാപമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രകോപന പരാമര്‍ശം നടത്തിയെന്നാണ് കേസ്.
രാജ്ഭവനിലെ ഔദ്യോഗിക പരിപാടിയില്‍ ആര്‍എസ്എസ് ചിഹ്നങ്ങള്‍ പ്രദര്‍പ്പിച്ച ഗവര്‍ണറെ അനുകൂലിച്ച് പാലക്കാട് ബിജെപി നടത്തിയ പരിപാടിയിലാണ് എന്‍ ശിവരാജന്‍ വിവാദ പരാമര്‍ശം നടത്തിയത്. ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയെ ശിവരാജന്‍ അധിക്ഷേപിക്കുകയും ചെയ്തു.





