ഇസ്രയേലുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനിൽ നിന്ന് 1,713 ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവന്നു. ഓപ്പറേഷൻ സിന്ധുവിന്റെ ഭാഗമായി ഇറാനിൽ നിന്നുള്ള ആറാം വിമാനം ഇന്നലെ രാത്രിയോടെ ഡൽഹിയിൽ എത്തി.
മഷ്ഹാദിൽ നിന്നാണ് 311 പേരുടെ സംഘം ഡൽഹിയിൽ തിരിച്ചെത്തിയത്. യാത്രാ സംഘത്തിലെ ഏക മലയാളി കണ്ണൂർ സ്വദേശിയായ ദിനേശ് കുർജനാണ്. ദീർഘകാലമായി അഹമ്മദാബാദ് കേന്ദ്രമാക്കി ഡിസൈനറായി പ്രവർത്തിക്കുകയാണ്. മഷ്ഹാദ് വഴിയാണ് നിലവിൽ കൂടുതൽ ഇന്ത്യക്കാരെയും ഒഴിപ്പിക്കുന്നത്.
അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഇറാനിൽ നിന്ന് മൂന്ന് വിമാനങ്ങൾ കൂടി എത്തുമെന്നും. ഇറാനിലും ഇസ്രയേലിലുമുള്ള ഇന്ത്യൻ പൗരന്മാരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ പറഞ്ഞു.
ഇസ്രയേലിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികൾ ഉടൻ ആരംഭിക്കും. സംഘർഷം രൂക്ഷമായതിനാൽ നിരവധി ഇന്ത്യക്കാരാണ് ഇസ്രയേലിൽ കുടുങ്ങിക്കിടക്കുന്നത്. ഇസ്രയേലിന്റെ വ്യോമാതിർത്തി അടച്ചതിനാൽ കര അതിർത്തി വഴി ജോർദാനിലേക്ക് ഇന്ത്യക്കാരെ എത്തിക്കുകയാണ് ചെയ്യുന്നത്. ഇവരും ഉടൻ തന്നെ ഇന്ത്യയിലേക്ക് എത്തും.
അതേസമയം, ഇറാനെതിരായ യുഎസ് ആക്രമണത്തിൽ ആശങ്ക പങ്കു വച്ച് യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറെസ് രംഗത്തെത്തി. സംഘർഷം അവസാനിപ്പിക്കണം. സുരക്ഷാ കൗൺസിലും എല്ലാ യുഎൻ അംഗരാജ്യങ്ങളും യുക്തിസഹമായും സംയമനത്തോടെയും പ്രവർത്തിക്കണം. സമാധാനം ഉപേക്ഷിക്കാൻ നമുക്ക് കഴിയില്ലെന്നും ഒരിക്കലും ഉപേക്ഷിക്കരുതെന്നും ഗുട്ടറെസ് പറഞ്ഞു.

 
                         
                         
                         
                         
                         
                        



