Headlines

മൂടല്‍ മഞ്ഞില്‍ വലഞ്ഞ് ഉത്തരേന്ത്യ; ദൃശ്യ പരിധി കുറഞ്ഞതിനാല്‍ ട്രെയിന്‍, വിമാന സര്‍വീസുകള്‍ ഇന്നും തടസപ്പെട്ടു

മൂടല്‍ മഞ്ഞില്‍ വലഞ്ഞ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. ഡല്‍ഹിയില്‍ വായുഗുണ നിലവാരം ഗുരുതരമായി ഉയര്‍ന്നു. ദൃശ്യ പരിധി കുറഞ്ഞതിനാല്‍ ഇന്നും ട്രെയിന്‍, വിമാന സര്‍വ്വീസുകള്‍ തടസപ്പെട്ടു.

കര്‍ശനമായ മലിനീകരണ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിട്ടും അതീവ രൂക്ഷമായി തുടരുകയാണ് തലസ്ഥാനത്തെ വായുഗുണ നിവാരം. വായു ഗുണ നിലവാര സൂചിക 391 ആയി രേഖപ്പെടുത്തി. വരുന്ന ദിവസങ്ങളില്‍ ഡല്‍ഹിയില്‍ ശൈത്യതരംഗത്തിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.കര്‍ണാടക, തെലങ്കാന, ബീഹാര്‍, ഉത്തരാഖണ്ഡ്, കിഴക്കന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടവിച്ചിട്ടുണ്ട്. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് പലയിടത്തും ട്രെയിനുകള്‍ വൈകി. ഇന്നലെ രേഖപ്പെടുത്തിയ താപനില 6.1 ഡിഗ്രി സെല്‍ഷ്യസാണ്. വിമാനങ്ങള്‍ വൈകുമെന്ന് യാത്രക്കാര്‍ക്ക് ഇന്‍ഡിഗോ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഡല്‍ഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ ദൃശ്യ പരിധി കുറഞ്ഞതിനാല്‍ 66 വിമാന സര്‍വ്വീസുകളാണ് ഇന്ന് റദ്ദാക്കിയത്. മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി പരിസ്ഥിതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. പഞ്ചാബിലും ജമ്മു കശ്മീരിലും സ്ഥിതി വഷളായി തുടരുകയാണ്. പുലര്‍ച്ചെയുണ്ടാകുന്ന മൂടല്‍ മത്തില്‍ ദൃശ്യപരിധി കുറയുന്നതിനാല്‍ നിരവധി വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.