വാഷിങ്ടൻ ∙ യുക്രെയ്ൻ–റഷ്യ യുദ്ധം അനന്തമായി നീളുമ്പോൾ സമാധാനത്തിനായി കരാറിൽ ഏർപ്പെടാൻ യുക്രെയ്നു മേൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമ്മർദം. യുദ്ധം പരിഹരിക്കാൻ യുക്രെയ്ൻ ആഗ്രഹിക്കണം എന്ന് ഓവൽ ഓഫിസിൽ വച്ച് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“റഷ്യ ഒരു വലിയ യന്ത്രമാണ് – അവർ മുന്നോട്ട് കുതിക്കുന്നു. അവർ വലിയൊരു ഭൂമി പിടിച്ചെടുത്തു” ട്രംപ് അഭിപ്രായപ്പെട്ടു. യുദ്ധത്തിൽ റഷ്യയ്ക്ക് മുൻതൂക്കമുണ്ടെന്നും ട്രംപ് പരസ്യമായി സമ്മതിച്ചു. യുക്രെയ്ൻ പ്രസിഡന്റ് സെലൻസികിയുമായി ചൊവ്വാഴ്ച ട്രംപിന്റെ പ്രതിനിധി ചർച്ച നടത്തിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് യുക്രെയ്ൻ വിട്ടുവീഴ്ച ചെയ്യണമെന്ന സന്ദേശം ട്രംപ് നൽകിയത്.അതേസമയം യുദ്ധത്തിൽ യുക്രെയ്നു അമേരിക്ക നൽകിയ സഹായങ്ങളെ കുറിച്ചും ട്രംപ് തുറന്നടിച്ചു. വൻതോതിൽ ചെലവഴിച്ച് യുക്രെയ്നെ പിന്തുണച്ചെങ്കിലും പ്രതിഫലമായി ഒന്നും ലഭിച്ചില്ലെന്നാണ് ട്രംപ് പരാതിപ്പെട്ടത്. സാമ്പത്തിക നഷ്ടമല്ലാതെ ഒന്നും തിരികെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സെലൻസ്കിയും പുട്ടിനും തമ്മിലുള്ള വ്യക്തിപരമായ ശത്രുത ചർച്ചകളിൽ തടസ്സമാകുന്നു എന്നും ട്രംപ് കുറ്റപ്പെടുത്തി. യൂറോപ്യൻ രാജ്യങ്ങൾ സംഘർഷത്തിൽ തളർന്നു പോകുന്നതായും ട്രംപ് പറഞ്ഞു. അടുത്തിടെയായി റഷ്യയോടു മയപ്പെടുത്തിയ സമീപനമാണ് ട്രംപ് പുറത്തെടുക്കുന്നത്. റഷ്യൻ എണ്ണ ശുദ്ധീകരണശാലകൾക്കെതിരായ യുക്രെയ്ൻ ആക്രമണങ്ങളിലും ട്രംപ് നിരാശ പ്രകടിപ്പിച്ചിരുന്നു.









