Headlines

ഓപ്പറേഷൻ ഷൈലോക്; പുനലൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പൊലീസ് റെയ്ഡ്; 25 ലക്ഷം രൂപയും വിദേശമദ്യവും പിടിച്ചെടുത്തു

പുനലൂരിൽ അനധികൃതമായി പ്രവർത്തിച്ചുവന്ന ഇമ്മാനുവൽ ഫിനാൻസ് എന്ന സ്ഥാപനത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 25 ലക്ഷം രൂപയും ആറ് ലിറ്റർ വിദേശമദ്യവും പിടിച്ചെടുത്തു.

വിവിധ പൊലീസ് സ്റ്റേഷനുകളിൽ സ്ഥാപനത്തിനെതിരെ വ്യാപകമായ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ‘ഓപ്പറേഷൻ ഷൈലോക്’ എന്ന പേരിൽ പൊലീസ് റെയ്ഡ് നടത്തിയത്.

പുനലൂർ, കൊട്ടാരക്കര, കുന്നിക്കോട് പോലീസ് സ്റ്റേഷനുകളിൽ ഈ സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നു. റെയ്ഡിന്റെ ഭാഗമായി സ്ഥാപനത്തിന്റെ ഉടമയായ പി.കെ. സജുവിനെ ചോദ്യം ചെയ്യുകയും പിടിച്ചെടുത്ത പണത്തിന്റെ രേഖകൾ ഹാജരാക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം നടക്കുമെന്ന് പൊലീസ് അറിയിച്ചു.