ഡൽഹി: ഭരണഘടനാ വിരുദ്ധരുടെ കൂട്ടായ്മയാണ് ആർ.എസ്.എസ് എന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സ്ത്രീകൾ പുരുഷന്മാരുടെ സ്വത്താണ് എന്ന് വിശ്വസിക്കുന്നവരാണ് ആർ.എസ്.എസുകാർ. ആർ.എസ്.എസിനോട് പോരാടുന്നതിൽ തനിയ്ക്ക് വലിയ സന്തോഷമുണ്ട്. ആർ.എസ്.എസിലെ നിരവധി സ്ത്രീകൾ തന്റെ കൂടെയുണ്ടെന്നും രാഹുൽ ഗാന്ധി എക്സ് പോസ്റ്റിൽ കുറിച്ചു. താൻ ശിവ-ശക്തി സങ്കൽപ്പത്തിൽ വിശ്വസിക്കുന്നുവെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
വിദേശയാത്രയിൽ വിവാദം കടുക്കുന്നതിനിടെയാണ് ആർഎസ്എസിനെ വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധവുമായി വിവിധ സംഘടനകൾ മുന്നോട്ടുപോകവേയാണ് രാഹുൽ ഗാന്ധിയുടെ വിദേശയാത്ര. വിയറ്റ്നാമിലെ ഹനോയിലേക്ക് രാഹുൽഗാന്ധി പോയന്നാണ് വിവരം. വിമാനത്തിനുള്ളിൽ നിന്നുള്ള രാഹുലിന്റെ ദൃശ്യവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
രാഹുലിന്റെ വിദേശയാത്രയെ ബിജെപി നേതാക്കൾ പരിഹസിച്ചു. യാത്രയെ വിവാദമാക്കേണ്ട എന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പറഞ്ഞു. ലോക്സഭ ചേരുമ്പോൾ വിദേശയാത്ര നടത്തുന്ന പ്രധാനമന്ത്രിയാണ് ഇപ്പോഴത്തെത് എന്നും ബിജെപിക്ക് വിമർശിക്കാൻ അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാത്രയുമായി ബന്ധപ്പെട്ട ഔദ്യോഗികമായ സ്ഥിരീകരണം കോൺഗ്രസോ രാഹുൽഗാന്ധിയോ നടത്തിയിട്ടില്ല.









