Headlines

കഴക്കൂട്ടത്ത് ഐ ടി ജീവനക്കാരിയെ ഹോസ്റ്റലിൽ കയറി പീഡിപ്പിച്ചത് ലോറി ഡ്രൈവർ; കുറ്റം സമ്മതിച്ചതായി പൊലീസ്

തിരുവനന്തപുരം കഴക്കൂട്ടത്ത് ഐ ടി ജീവനക്കാരിയെ ഹോസ്റ്റലിൽ കയറി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയെ പിടികൂടി പൊലീസ്. തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവറെയാണ് മധുരയിൽ നിന്ന് പൊലീസ് പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചതായി തിരുവനന്തപുരം ഡിസിപി ടി ഫറാഷ് പറഞ്ഞു. സിസിടിവി ക്യാമറകളുടെയും വാഹനത്തെയും ട്രാക്ക് ചെയ്താണ് ഇന്നലെ തന്നെ പ്രതിയിലേക്ക് എത്തിയത്. കൈയിലുള്ള തെളിവുകൾ പരിശോധിക്കുമ്പോൾ പ്രതിയിലേക്ക് തന്നെയാണ് എത്തിയത്. പ്രതിയെക്കുറിച്ച് വിവരങ്ങൾ ഒന്നും ആദ്യം ഉണ്ടായിരുന്നില്ല. അതിക്രമം നടത്തിയ സ്ഥലം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിയിരുന്നത് ഡിസിപി വ്യക്തമാക്കി.

ജോലി കാര്യവുമായി ബന്ധപ്പെട്ടാണ് സ്വന്തം ലോറിയിൽ ഇയാൾ തിരുവനന്തപുരത്ത് എത്തിയത്. നിലവിൽ മറ്റ് വിവരങ്ങൾ ലഭിക്കുന്നതേയുള്ളൂ. കൂടുതൽ ചോദ്യം ചെയ്യൽ നടക്കുകയാണ്. വളരെ സാഹസികമായാണ് പ്രതിയെ പിടികൂടുന്നത്. വാഹനം മാത്രം കേന്ദ്രീകരിച്ചായിരുന്നു പ്രതിയിലേക്ക് എത്തിയിരുന്നത്. തമിഴ്നാട് പൊലീസിൻ്റെ സഹായം ലഭിച്ചു. കഴക്കൂട്ടം കേന്ദ്രീകരിച്ച് പ്രത്യേകം പട്രോളിങ് നടത്തും. നിലവിൽ
പ്രതിയുടെ പേര് വിവരങ്ങൾ ഇപ്പോൾ പുറത്ത് വിടാനാകില്ലെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

തിരിച്ചറിയൽ പരേഡ് നടത്തിയ ശേഷമേ പ്രതിയുടെ മറ്റു വിവരങ്ങൾ പുറത്തുവിടുകയുള്ളു. ഇയാൾക്കൊപ്പം ഹോസ്റ്റലിൽ മറ്റാരെങ്കിലും അതിക്രമിച്ചു കയറിയിരുന്നോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ പരുക്കേറ്റ പെൺകുട്ടി ചികിത്സയിൽ തുടരുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ കഴക്കൂട്ടത്തെ സ്വകാര്യ ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. പെൺകുട്ടി പ്രതിരോധിച്ചു ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. ഹോസ്റ്റൽ പരിസരം കേന്ദ്രീകരിച്ച് നടത്തിയ സിസിടിവി പരിശോധനയിൽ പ്രതിയെക്കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചിരുന്നു. കഴക്കൂട്ടം എ.സി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.