Headlines

സൗദി അറേബ്യയില്‍ പന്നി ഇറച്ചി വില്‍പ്പന നടത്തുന്ന ഹോട്ടല്‍ തുടങ്ങുകയാണെന്ന് വ്യാജ പ്രചാരണം; പരാതി നല്‍കി റാപ്പര്‍ വേടന്‍

സൗദി അറേബ്യയില്‍ പന്നി ഇറച്ചി വില്‍പ്പന നടത്തുന്ന ഹോട്ടല്‍ തുടങ്ങുകയാണെന്ന വ്യാജ പ്രചാരണത്തിന് എതിരെ പരാതി നല്‍കി റാപ്പര്‍ വേടന്‍. പ്രോഗ്രാമുകള്‍ കൂടുതല്‍ ലഭിക്കാന്‍ സാധ്യതയുള്ള സമയങ്ങളില്‍ ചിലര്‍ തനിക്കെതിരെ ഗൂഡാലോചന നടത്തി അപവാദപ്രചാരണം നടത്തുന്നെന്ന് പരാതിയില്‍ പറയുന്നു. ഡിജിപിക്കും സൈബര്‍ പൊലീസിനുമാണ് പരാതി നല്‍കിയത്.

സൗദി അറേബ്യയില്‍ പന്നി ഇറച്ചി വില്‍പ്പന നടത്തുന്ന ഹോട്ടല്‍ തുടങ്ങുകയാണ് തന്റെ ലക്ഷ്യമെന്ന് എന്ന തരത്തില്‍ ഫേസ്ബുക്കിലൂടെ തെറ്റായ പ്രചാരണം നടത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് റാപ്പര്‍ വേടന്റെ ആവശ്യം. Vipin Vijayan, Ashok Perumeth, Majeed Psm എന്നീ പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ, തന്നെ സംബന്ധിച്ച് വസ്തുതാവിരുദ്ധവും വ്യാജവും അപകീര്‍ത്തികരവുമായ പോസ്റ്റുകള്‍ താന്‍ പറഞ്ഞതോ ചെയ്തതോ എന്ന രീതിയില്‍ പൊതുജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചു എന്നാണ് വേടന്റെ പരാതി.
പോസ്റ്റില്‍ പ്രചരിപ്പിച്ചിരിക്കുന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായും വസ്തുതാവിരുദ്ധമാണ്. താന്‍ അത്തരം ഒരു പ്രസ്താവന നടത്തിയിട്ടില്ലെന്നും, പ്രസ്തുത കാര്യങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും വേടന്‍ പരാതിയില്‍ വ്യക്തമാക്കുന്നു. വ്യാജവാര്‍ത്ത ഫേസ്ബുക്ക് പോലെ പൊതുവായി ആളുകള്‍ക്ക് ലഭ്യമായ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പ്രചരിപ്പിച്ചതിനാല്‍, തന്റെ സല്‍പ്പേരിനും വ്യക്തിപരമായ മാന്യതയ്ക്കും സാമൂഹിക പ്രതിച്ഛായയ്ക്കും ഗുരുതരമായ അപകീര്‍ത്തി ഉണ്ടാക്കിയിട്ടുണ്ട്. പ്രസ്തുത വ്യാജവാര്‍ത്തയുടെ സ്വഭാവവും അതിന്റെ പൊതുപ്രചരണവും സമൂഹത്തില്‍ മതസ്പര്‍ധയും സാമുദായിക സംഘര്‍ഷവും വര്‍ധിപ്പിക്കുന്ന തരത്തിലുള്ള തെറ്റിദ്ധാരണകള്‍ക്കും വിരോധങ്ങള്‍ക്കും ഇടയാക്കാന്‍ സാധ്യതയുള്ളതാണെന്നും വേടന്‍ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റുകള്‍ നീക്കം ചെയ്ത് വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കണമെന്നും സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ വേടന്‍ ആവശ്യപ്പെടുന്നു.