രാജ്യത്ത് മുസ്ലിം ജനവിഭാഗം സുരക്ഷിതരെന്ന കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ നിലപാട് തള്ളി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാകാമെന്നും പൗരത്വഭേതഗതിയിലും വഖഫ് ബില്ലിലുമൊക്കെ ന്യനപക്ഷത്തിന് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെന്നും മുനവ്വറലി തങ്ങള്‍ . സുന്നി ഐക്യത്തിന് പാണക്കാട് കുടുംബവും മുന്നില്‍ നില്‍ക്കുമെന്നും മുനവ്വറലി കൂട്ടിചേര്‍ത്തു.അത് അദ്ദേഹത്തിന്റെ അഭിപ്രായമാണ് പറഞ്ഞിട്ടുള്ളത്. അതുമായി ബന്ധപ്പെട്ട് പലര്‍ക്കും പല രീതിയിലുള്ള അഭിപ്രായങ്ങളായിരിക്കും. കുറച്ച് കാലമായി മുസ്ലീങ്ങള്‍ ഇരയാക്കപ്പെടുന്ന സാഹചര്യമുണ്ട്. പൗരത്വ ഭേദഗതി ബില്ല് പോലുള്ള കാര്യങ്ങള്‍ ഇവിടെ നിലനില്‍ക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട സമരങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു – അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി-കാന്തപുരം കൂടിക്കാഴ്ച്ചക്ക് പിന്നാലെ ഗ്രാന്‍ഡ് മുഫ്തി സ്വീകരിച്ച നിലപാടുകള്‍ വിമര്‍ശന വിധേയമാക്കപ്പെടുമ്പോഴാണ് വിഷയത്തിലെ പാണക്കാട് കുടുംബത്തിന്റെ പ്രതികരണം കൂടി പുറത്ത് വരുന്നത്.
സുന്നിഐക്യം കുറേ നാളത്തെ ആഗ്രഹമാണെന്നും പാണക്കാട് കുടുംബവും ഇക്കാര്യത്തില്‍ നേതൃപരമായിട്ടുളള ഇടപെടലുകള്‍ നടത്തുമെന്നും മുനവ്വറലി കൂട്ടിചേര്‍ത്തു. ഐക്യത്തെ സ്വാഗതം ചെയ്യുന്നു. ഒരുപാട് കാലത്തെ എല്ലാവരുടേയും ആഗ്രഹമാണ്. സുന്നികള്‍ ഐക്യപ്പെടുക എന്നുള്ളത്. ഇതിനുവേണ്ടിയുള്ള ചര്‍ച്ചകള്‍ പലഘട്ടങ്ങളിലും നടന്നിട്ടുണ്ട്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നു – അദ്ദേഹം പറഞ്ഞു.
സുന്നി ഐക്യം സംബന്ധിച്ച് ഇരുവിഭാഗവും പച്ചക്കൊടി കാണിച്ചെങ്കിലും തുടര്‍നീക്കങ്ങള്‍ എങ്ങനെയെന്നത് ഇനിയും വ്യക്തമല്ല.








