Headlines

കിഫ്ബി മസാലബോണ്ട് കേസ്: ഇഡിക്ക് താത്ക്കാലിക ആശ്വാസം; തുടര്‍ നടപടി തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ

കിഫ്ബി മസാലബോണ്ട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന് താത്ക്കാലിക ആശ്വാസം. ഇ ഡി നോട്ടീസിന് മേലുള്ള തുടര്‍നടപടികള്‍ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ. ഇഡിയുടെ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

ജസ്റ്റിസ് വി ജി അരുണിന്റെ ബെഞ്ചാണ് ഇഡി കിഫ്ബിക്ക് അയച്ച നോട്ടീസിന്മേലുള്ള തുടര്‍നടപടികള്‍ സ്റ്റേ ചെയ്തിരുന്നത്. മൂന്ന് മാസത്തേക്കായിരുന്നു സ്റ്റേ. ഇതിന് പിന്നാലെ ഇഡി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയും ഡിവിഷന്‍ ബെഞ്ച് ഈ സ്റ്റേ നീക്കുകയുമായിരുന്നു. വിഷയം സിംഗിള്‍ ബെഞ്ചിന്റെ അധികാര പരിധിയ്ക്ക് പുറത്തുള്ളതാണെന്നും അതിനാല്‍ നടപടികള്‍ സ്റ്റേ ചെയ്യുന്നത് ശരിയല്ലെന്നുമാണ് ഇഡി അപ്പീലില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നോട്ടീസ് അയയ്ക്കുക എന്നത് പ്രാഥമിക നടപടി മാത്രമാണെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കിഫ്ബിയുടെ ഹര്‍ജി തന്നെ അപക്വമാണെന്നും ഇ ഡി ചൂണ്ടിക്കാട്ടിയിരുന്നു.

മസാല ബോണ്ട് വഴി സമാഹരിച്ച പണം വികസന പദ്ധതികള്‍ക്ക് ഉപയോഗിച്ചെന്നായിരുന്നു കിഫ്ബി അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. മസാല ബോണ്ട് വഴി സമാഹരിച്ച പണം ഭൂമി വാങ്ങാന്‍ കിഫ്ബി ഉപയോഗിച്ചെന്നാണ് ഇ.ഡി നോട്ടീസിലെ ആരോപണം. ഇ.ഡിയുടെ കണ്ടെത്തല്‍ ശരിയല്ലെന്ന് കിഫ്ബി ചൂണ്ടിക്കാട്ടി.ഭൂമി വാങ്ങുകയല്ല വികസന പദ്ധതികള്‍ക്കായി ഏറ്റെടുക്കകയാണ് ചെയ്തതെന്നും കിഫ്ബി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം മസാല ബോണ്ട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയും മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിനും അയച്ച നോട്ടീസിന്മേലുള്ള തുടര്‍ നടപടികളും കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്‌റ്റേ ചെയ്തിരുന്നു.

2672 കോടി രൂപ സമാഹരിച്ചതില്‍ 467 കോടി രൂപ ഭൂമി വാങ്ങാന്‍ കിഫ്ബി ഉപയോഗിച്ചതില്‍ ചട്ടലംഘനം ഉണ്ടെന്നാണ് ഇ.ഡിയുടെ ആരോപണം. വിദേശ ധനകാര്യ വിപണികളില്‍നിന്ന് പണം സമാഹരിക്കാന്‍ ഇന്ത്യന്‍ കറന്‍സി അടിസ്ഥാനമാക്കി ഇന്ത്യയിലെ സ്ഥാപനങ്ങള്‍ക്ക് ഇറക്കാവുന്ന ബോണ്ട് ആണ് മസാല ബോണ്ട്. വിദേശ വാണിജ്യ വായ്പ ഇന്ത്യന്‍ രൂപയില്‍ ലഭിക്കുമെന്നതാണ് പ്രത്യേകത.