വാഷിങ്ടണ്‍: ഇറാന് ‘ഡേര്‍ട്ടി ബോംബ്’ പ്രയോഗിക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി മേധാവി തള്ളി. ഇറാന് ഒരു ഡേര്‍ട്ടി ബോംബ് ഉപയോഗിച്ച് യുഎസിനെ ആക്രമിക്കുമെന്ന ഭീഷണി ഉടനടിയുണ്ടാകുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് അമേരിക്കന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി മാര്‍ക്ക്വെയ്ന്‍ മുള്ളിന് പറഞ്ഞു. ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ രാസായുധം ഉപയോഗിച്ച് ലക്ഷ്യമിടുന്നതിനുള്ള പദ്ധതികള്‍ ഇറാന് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന യുഎസ് ഇന്റലിജന്‍സ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് നേരത്തെ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും തളളിയിരുന്നു. (US officials denied report that says iran planning to use dirty bombs)
നവംബര്‍ 16ന് സിഎന്‍എന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇറാന് ഡേര്‍ട്ടി ബോംബ് ഉപയോഗിക്കുമെന്ന സൂചനയുള്ളത്. യുഎസ് ഇന്റലിജന്‍സിലെ ഏഴ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടായിരുന്നു റിപ്പോര്‍ട്ട്. സാധാരണ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് റേഡിയോ ആക്ടീവ് വസ്തുക്കള്‍ അന്തരീക്ഷത്തില്‍ ചിതറിക്കുന്ന റേഡിയോളജിക്കല്‍ ഡിസ്പേഴ്സല്‍ ഡിവൈസുകളെയാണ് ഡേര്‍ട്ടി ബോംബെന്ന് വിളിക്കാറ്. ആണവായുധവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിന്റെ അപകടങ്ങള്‍ കുറവായിരിക്കുമെങ്കിലും ഇറാന് ഇത്തരമൊരു നീക്കം നടത്തിയാല്‍ അത് ആഗോള തലത്തില്‍ തന്നെ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നതില്‍ സംശയമില്ല.
അതേസമയം ഇറാന് യുദ്ധത്തില്‍ അമേരിക്ക കാലഹരണപ്പെട്ട മിസൈലുകള്‍ ഉപയോഗിച്ചതായി അമേരിക്കന്‍ നാവികസേന വെളിപ്പെടുത്തി. കാലഹരണപ്പെട്ട ടോമഹോക്ക് മിസൈലുകളക്കം യുദ്ധത്തില്‍ ഉപയോഗിച്ചതായി ആക്ടിങ് യു എസ് നേവി സെക്രട്ടറി ഹംഗ് കാവോയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. സെനറ്റ് ആംഡ് സര്‍വീസസ് കമ്മിറ്റിക്കു മുമ്പാകെയായിരുന്നു വെളിപ്പെടുത്തല്‍. കാലഹരണപ്പെട്ടതായി കണക്കാക്കിയ ആയുധങ്ങളുടെ ഓപ്പറേഷന് കോഡുകള്‍ മാറ്റിയെന്നാണ് നാവികസേനയുടെ വിശദീകരണം. പുതിയ ടോമഹോക്ക് മിസൈലുകളിലൊന്നിന് 36 ലക്ഷം ഡോളര്‍ ചെലവ് വരും. രണ്ടു വര്‍ഷമെടുത്താണ് ടോമഹോക്ക് മിസൈലുകള്‍ നിര്‍മ്മിക്കുന്നത്.









