ജോൺസൺ മാഷ് സംഗീത അക്കാദമി; ‘VD സതീശനോട് ആവശ്യം ഉന്നയിച്ചിരുന്നു, ഇതിന്റെ മുഴുവൻ ക്രെഡിറ്റും മുഖ്യമന്ത്രിക്ക്’

 

തിരുവനന്തപുരം: ബജറ്റിലെ ജോണ്‍സണ്‍ മാഷിന്റെ സംഗീത അക്കാദമി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് ഔസേപ്പച്ചന്‍. അക്കാദമി തുടങ്ങുമെന്ന പ്രഖ്യാപനം ഒരുപാട് തലമുറകള്‍ക്ക് പ്രചോദനം നല്‍കുന്നുവെന്ന് ഔസേപ്പച്ചന്‍ പറഞ്ഞു. ഒരുപാട് കാലമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും മുഖ്യമന്ത്രി വി ഡി സതീശനാണ് പ്രഖ്യാപിച്ചതെന്ന് ഔസേപ്പച്ചന്‍ പറഞ്ഞു.

 

‘വി ഡി സതീശന്‍ തൃശ്ശൂരില്‍ വന്നപ്പോള്‍ ആവശ്യം ഉന്നയിച്ചു. സാധാരണ രാഷ്ട്രീയക്കാര്‍ കേട്ട് മറക്കുന്നത് പോലെ എന്നാണ് ആദ്യം കരുതിയത്. സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തലേദിവസം എന്നെ വിളിച്ച് ആവശ്യപ്പെട്ടത് ഓര്‍മ്മയുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ എനിക്ക് ബോധ്യമായി മുഖ്യമന്ത്രി ഇത് നടപ്പാക്കുമെന്ന്’, ഔസേപ്പച്ചന്‍ പറഞ്ഞു. ജോണ്‍സണ്‍ മാഷ് അക്കാദമിയുടെ മുഴുവന്‍ ക്രെഡിറ്റും മുഖ്യമന്ത്രിക്കാണെന്നും ഔസേപ്പച്ചന്‍ പറഞ്ഞു. സംഗീതത്തിന്റെ വളര്‍ച്ചയ്ക്ക് അക്കാദമി പ്രചോദനമാകണമെന്നും ഔസേപ്പച്ചന്‍ പറഞ്ഞു.

 

സിനിമാ മേഖലയ്ക്കും വലിയ പ്രഖ്യാപനങ്ങളാണ് ഇന്നത്തെ ബജറ്റില്‍ പ്രഖ്യാപിച്ചത്. ജെ സി ഡാനിയേല്‍ ഇന്റര്‍ നാഷണല്‍ ഫിലിം സിറ്റി -ചിത്രനഗരം കൊച്ചിയില്‍ സ്ഥാപിക്കും. ഇതിനായി 100 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചത്. സിനിമയ്ക്ക് വ്യവസായ പദവി നല്‍കുമെന്നും അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സ്ഥിരമായ വേദിയൊരുക്കുന്നതിനും ആന്റി പൈറസ് സെല്‍ രൂപീകരിക്കലും ദേശീയ അന്തര്‍ദേശീയ അനുയോജ്യ അന്തരീക്ഷം രൂപപ്പെടുത്തലും പദ്ധതിയിലുണ്ട്.തനത് കലാ-സാംസ്‌കാരിക മേഖലയെ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി എം ടി വാസുദേവന്‍ നായരുടെ പേരില്‍ കോഴിക്കോട് ഒരു കള്‍ച്ചറല്‍ പാര്‍ക്ക് സ്ഥാപിക്കും. ഇവിടെ കഥകളി, കൂത്ത്, തെയ്യം, തുള്ളല്‍, ഒപ്പന, മാപ്പിളപ്പാട്ട്, മാര്‍ഗംകളി, ഐനിപ്പാട്ട്, ഗോത്രകലാരൂപങ്ങള്‍ എന്നിവ അവതരിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ അറിയിച്ചു. അന്തരിച്ച നടന്‍ സലീം കുമാറിന് സ്മാരകം സ്ഥാപിക്കുന്നതിനായി ഒരു കോടി വകയിരുത്തി.

 

അതേസമയം സിനിമയിലെ പ്രഖ്യാപനങ്ങളില്‍ സര്‍ക്കാരിന് നന്ദി പറഞ്ഞ് നടന്‍ മോഹന്‍ലാല്‍ രംഗത്തെത്തി. സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു എന്നും ഇത് സിനിമാമേഖലയ്ക്ക് പുതിയ ഉണര്‍വ് നല്‍കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഫിലിം സിറ്റി നിര്‍മിക്കുമെന്ന പ്രഖ്യാപനത്തില്‍ വി ഡി സതീശനും സര്‍ക്കാരിനും നന്ദി അറിയിച്ച് നടന്‍ ടൊവിനോ തോമസും രംഗത്തെത്തി. മലയാളസിനിമയുടെ സ്രഷ്ടാവ് എന്നുതന്നെ വിളിക്കാവുന്ന ജെ സി ഡാനിയേലിന്റെ പേരില്‍ കൊച്ചിയില്‍ ഫിലിംസിറ്റി സ്ഥാപിക്കുമെന്നും സിനിമയെ വ്യവസായമാക്കുമെന്നുമുള്ള സര്‍ക്കാരിന്റെ വാക്ക് ‘സെല്ലുലോയ്ഡി’നെ തൊട്ടുനില്‍ക്കുന്ന ഒരാളെന്നെ നിലയില്‍ സന്തോഷവും അഭിമാനവും ആത്മവിശ്വാസവും നല്‍കുന്നുവെന്ന് നടന്‍ പ്രിഥ്വിരാജും പ്രതികരിച്ചു.