കേരള സര്‍വകലാശാല യൂണിയന്‍ ഉദ്ഘാടനം; രജിസ്ട്രാറായി പങ്കെടുത്തത് കെ എസ് അനില്‍കുമാര്‍

കേരള സര്‍വകലാശാല വിസിയെ തള്ളി കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍. വിസി മോഹനന്‍ കുന്നുമ്മല്‍ സസ്‌പെന്‍ഡ് ചെയ്ത രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ യൂണിയന്‍ പ്രവര്‍ത്തന ഉദ്ഘാടന ചടങ്ങില്‍ രജിസ്ട്രാര്‍ എന്ന നിലയില്‍ പങ്കെടുപ്പിച്ചു. ഇടത് വിദ്യാര്‍ഥി യൂണിയന്‍ പരിപാടി വിസി മോഹനന്‍ കുന്നുമ്മല്‍ ബഹിഷ്‌കരിച്ചു. തിരുവനന്തപുരം വഴുതക്കാട് വുമണ്‍സ് കോളജില്‍ സംഘടിപ്പിച്ച കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ പ്രവര്‍ത്തന ഉദ്ഘാടനം ചടങ്ങിലാണ് ഡോ കെ എസ് അനില്‍കുമാറിനെ പങ്കെടുപ്പിച്ചത്.

കേരള യൂണിവേഴ്‌സിറ്റിയിലെ ഭാരതാംബ വിവാദത്തില്‍ രജിസ്ട്രാറേ സസ്‌പെന്‍ഡ് ചെയ്ത വിസി നടപടിയെ സര്‍വകലാശാല യൂണിയനോ സിന്‍ഡിക്കേറ്റ് നേരത്തെ തന്നെ അംഗീകരിച്ചിരുന്നില്ല. ആശംസ പ്രസംഗത്തിനായി നോട്ടീസില്‍ കേസ് അനില്‍കുമാറിന്റെ പേര് തന്നെയായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. വി സി താല്‍ക്കാലിക രജിസ്ട്രാറായി നിയമിച്ച മിനി കാപ്പനെ പരിപാടിയില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കി. പ്രശസ്ത എഴുത്തുകാരന്‍ ടി ഡി രാമകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയില്‍ ചിലരുടെ താല്പര്യങ്ങള്‍ നടപ്പിലാക്കാന്‍ പലരെയും നിയമിക്കുന്നു. അക്കാഡമിക് പ്രവര്‍ത്തനങ്ങളില്‍ നിരന്തരമായ ഇടപെടലുകള്‍ ഉണ്ടാകുന്നുവെന്നും ടിഡി രാമകൃഷ്ണന്‍ പറഞ്ഞു.

കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ പുഷ്പവതി പരിപാടിയില്‍ മുഖ്യാതിഥിയായി. സിനിമ കോണ്‍ക്ലേവിലെ അടൂരിന്റെ പരാമര്‍ശത്തിനെതിരെ വീണ്ടും പുഷ്പവതി രംഗത്തെത്തി.