Headlines

‘ഓണം – ക്രിസ്മസ് അവധികളിൽ സമസ്ത ഇടപെടുന്നുവെന്ന് നുണ പ്രചരിപ്പിക്കുന്നു’: മാധ്യമ വാർത്തകൾക്കെതിരെ സത്താർ പന്തല്ലൂർ

സ്കൂൾ സമയമാറ്റത്തിലെ മാധ്യമ വാർത്തകൾക്കെതിരെ സമസ്ത നേതാവ് സത്താർ പന്തല്ലൂർ. വിദ്വേഷ പ്രചാരകരെ കരുതിയിരിക്കണമെന്നും സ്കൂൾ സമയ മാറ്റത്തിൽ സർക്കാർ ചർച്ചയ്ക്ക് തയ്യാറായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടിയാലോചിച്ച ശേഷം ആയിരിക്കും ചർച്ചയിൽ അവതരിപ്പിക്കേണ്ട കരട് തയ്യാറാക്കൂ. എന്നാൽ മന്ത്രി വിളിക്കുന്ന ചർച്ചയിൽ ആവശ്യപ്പെടുന്ന കാര്യങ്ങൾ എന്ന പേരിൽ സമസ്തക്കെതിരെ വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഓണം – ക്രിസ്മസ് അവധികളിൽ സമസ്ത ഇടപെടുന്നുവെന്ന് നുണ പ്രചരിപ്പിക്കുന്നു. ഇത് ശരിയാണെന്ന ധാരണയിൽ ദീപിക പത്രം മുഖപ്രസംഗം എഴുതി. വിശദമായ ചർച്ചകൾക്ക് വിധേയമാക്കാതെ സർക്കാർ കൊണ്ടുവന്ന പരിഷ്കരണം വിവാദമാക്കി വർഗീയ ധ്രുവീകരണത്തിന് ആയുധമാക്കുന്നു. സർക്കാർ ഇതിന് അവസരം നൽകരുതായിരുന്നുവെന്നും അദ്ദേഹം വിമർശനം ഉന്നയിച്ചു.

മദ്രസകളുടെ കാര്യം പറയാൻ പാടില്ലെന്ന് ചിലർ തിട്ടൂരം ഇറക്കുന്നു. അതൊന്നും തൽക്കാലം ഇവിടെ വിലപ്പോകില്ല. വിദ്വേഷ പ്രചാരണം നടത്തി സമസ്തയുടെ വായ മൂടിക്കെട്ടാമെന്ന് ആരും കരുതണ്ട എന്നും സത്തല്‍ സത്താർ പന്തല്ലൂർ ഫേസ്ബുക്കിൽ കുറിച്ചു.