കൊച്ചി ലോകത്തേക്കു തുറന്ന നഗരം, സാംസ്കാരിക സ്വത്വങ്ങളുടെ ഇടം: കദെർ അത്തിയ

കൊച്ചി ∙ ‘‘ഈ നഗരത്തിന് വൈവിധ്യമുള്ള ഒരു ശരീരഭാഷ സ്വന്തമായി ഉണ്ടെന്നു തോന്നിയിട്ടുണ്ട്. ഒരുപക്ഷേ ഇതൊരു തുറമുഖ നഗരമായതുകൊണ്ടാകാം, സമുദ്രത്തിലേക്കും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും എപ്പോഴും തുറക്കപ്പെട്ടിരിക്കുന്നതുകൊണ്ടാകാം’’– കൊച്ചി-മുസിരിസ് ബിനാലെയുടെ ഏഴാം പതിപ്പിന്റെ ക്യൂറേറ്ററായി തിരഞ്ഞെടുക്കപ്പെട്ട പ്രശസ്ത കലാകാരന്‍ കദെർ അത്തിയ കൊച്ചിയെക്കുറിച്ചു സംസാരിച്ചു തുടങ്ങിയത് ഇങ്ങനെ. 2027 ഡിസംബർ 12 ന് ആരംഭിക്കുന്ന ബിനാലെയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുമായി സംവദിക്കുകയായിരുന്നു കാദെർ അത്തിയ. 1970ൽ ഫ്രാൻസിലെ ദുഗ്നിയിൽ ജനിച്ച കാദെർ അത്തിയ നിലവിൽ ഹാംബർഗ് എച്ച്എഫ്ബികെയിൽ ടൈം-ബേസ്ഡ് മീഡിയ പ്രഫസറാണ്.

പാരിസ് നഗരത്തിന്‍റെ പ്രാന്തപ്രദേശങ്ങളിലും അൾജീരിയയിലുമായി ചെലവഴിച്ച ബാല്യവും കോംഗോയിലും തെക്കേ അമേരിക്കയിലുമുള്ള അനുഭവങ്ങളും അദ്ദേഹത്തിന്റെ കലാപ്രവർത്തനത്തെ ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. ഈ അനുഭവങ്ങളിലൂടെ, കൊളോണിയലിസത്തിന്റെ മാനസിക, ഭൗതിക പ്രത്യാഘാതങ്ങളെ കലയിലൂടെ വരച്ചു കാട്ടാന്‍ അദ്ദേഹത്തിനായി. കലാപ്രതിഷ്ഠ, ശിൽപം, ചലച്ചിത്രം, ഫൊട്ടോഗ്രഫി, ആർക്കൈവൽ ഗവേഷണം എന്നിവയെ സമന്വയിപ്പിച്ചാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. നരവംശശാസ്ത്രവും തത്ത്വചിന്തയും ഒരുമിച്ചു ചേര്‍ത്ത തലങ്ങളിലേക്ക് അത്തിയ കലയെ എത്തിക്കുന്നു.

മുമ്പ് കലാകാരനെന്ന നിലയിൽ കൊച്ചി ബിനാലെയുടെ ഭാഗമായിട്ടുണ്ട് കാദെർ അത്തിയ. തന്റെ ദർശനത്തിന്റെ മൂലക്കല്ലായി അദ്ദേഹം അവതരിപ്പിക്കുന്നത് ‘റിപ്പയർ’ എന്ന പ്രതിഭാസത്തെയും ‘മുറിവുകൾ’ എന്ന സങ്കൽപത്തെയുമാണ്. റൂമിയുടെ ‘മുറിവുകളിലൂടെയാണ് വെളിച്ചം നിങ്ങളിലേക്കു പ്രവേശിക്കുന്നത്’ എന്ന വരികളെ ഓർമിപ്പിച്ചുകൊണ്ട്, പ്രീ-മോഡേൺ സമൂഹങ്ങൾ മുറിവുകളെ മറച്ചുവയ്ക്കാതെ അതിനെ ആദരിക്കുകയും നവീകരിക്കുകയും ചെയ്ത രീതിയെ അത്തിയ ഓർമപ്പെടുത്തി. ആധുനിക സമൂഹം കേടുപാടുകൾ തീർത്ത് പഴയ പടിയാക്കാൻ ശ്രമിക്കുമ്പോൾ, മുറിവുകളെ ഒരു ചരിത്ര അടയാളമായും സ്വത്വത്തിന്റെ ഭാഗമായും നിലനിർത്തേണ്ടതിന്റെ രാഷ്ട്രീയവും മനഃശാസ്ത്രപരവുമായ പ്രാധാന്യവും സംഭാഷണത്തിൽ അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു. പഴയ സിൽക്ക് റൂട്ടിന്റെ പ്രധാന കേന്ദ്രമായിരുന്ന കൊച്ചിയെ സംസ്കാരങ്ങളുടെയും ഊർജങ്ങളുടെയും ഒരു അപൂർവ സംഗമഭൂമിയായാണ് അത്തിയ വിശേഷിപ്പിക്കുന്നത്.

ഫോർട്ട് കൊച്ചിയിലൂടെയും ബസാർ റോഡിലൂടെയും തനിച്ചുനടന്ന അനുഭവത്തിൽനിന്ന്, ഒരൊറ്റ സ്വത്വത്തിന് പകരം നിരവധി സാംസ്കാരിക സ്വത്വങ്ങൾ ഒത്തുചേരുന്ന ഒരു നഗരത്തെ താൻ തിരിച്ചറിയുന്നു എന്നാണ് അത്തിയ പറയുന്നത്. ബെർലിൻ പോലുള്ള യൂറോപ്യൻ നഗരങ്ങളിൽ മനുഷ്യർക്ക് ഏകതാനമായ ഒരൊറ്റ ശരീരഭാഷയാണെങ്കിൽ കടലിലേക്കും ലോകത്തിലേക്കും എപ്പോഴും തുറക്കപ്പെട്ടിരിക്കുന്ന ഒരു തുറമുഖ നഗരമായതുകൊണ്ട് കൊച്ചിയിലെ മനുഷ്യർക്ക് വൈവിധ്യമുള്ള സ്വന്തം ശരീരഭാഷയുണ്ടെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. ജനങ്ങളുടെ മുഖങ്ങളും ഭാവങ്ങളും ശാരീരിക ഭാഷയും നിരീക്ഷിച്ച് നഗരത്തിന്റെ യഥാർഥ വ്യക്തിത്വം മനസ്സിലാക്കാനാണ് താൻ ശ്രമിക്കുന്നത് എന്നും അത്തിയ പറഞ്ഞു. ‘‘കൊച്ചി ലോകത്തിലൂടെയും ലോകം കൊച്ചിയിലൂടെയും കടന്നുപോകുന്നത് എങ്ങനെയെന്ന് കാണാന്‍’’ ആണ് താൻ ഇവിടെ എത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

രണ്ട് പതിറ്റാണ്ടിലേറെയായി ഓർമ, ചരിത്രം, റിപ്പയർ, കൊളോണിയലിസത്തിന്റെ അടയാളങ്ങൾ എന്നീ ആശയങ്ങളെ ചുറ്റിപ്പറ്റി വികസിച്ചു വന്ന തന്റെ കലാപ്രവർത്തനത്തെപ്പറ്റി അത്തിയ വിശദമായി സംസാരിച്ചു. ‘‘നിങ്ങളുടെ ഉള്ളിലെ ശബ്ദങ്ങൾ കേൾക്കാൻ നിങ്ങൾ അനുവദിക്കുന്നു, ശരിയല്ലേ? ചിലപ്പോൾ വ്യക്തമായി കേൾക്കുന്നവ, ചിലപ്പോൾ അമൂർത്തമായവ. (ചിത്രങ്ങളില്‍ കാണുന്ന) പോറലുകളെക്കുറിച്ചുള്ള ദീർഘമായ ഒരു പരമ്പരയുടെ കഥ എന്റെ പക്കലുണ്ട്. കാരണം എന്റെ അമ്മയ്ക്ക് ചെറുപ്പത്തിൽ സംഭവിച്ച നിർഭാഗ്യകരമായ ഒരു ട്രോമ മൂലം അമ്മയുടെ അമ്മാവൻ, അമ്മ തെരുവു കാണാതിരിക്കാൻ വേണ്ടി ജനൽ ചില്ലുകളിൽ ഇരുണ്ട നിറത്തിലുള്ള പെയിന്റടിച്ചിരുന്നു, അതിലൊരു പോറലുണ്ടായിരുന്നു. ജനലിലെ ആ മുറിവുകളിലൂടെ (പോറലുകളിലൂടെ) പുറത്തേക്കു നോക്കാൻ അമ്മ പെയിന്റ് ചുരണ്ടിയെടുക്കാറുണ്ടായിരുന്നു’’, അത്തിയ.ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ചു സംസാരിക്കുമ്പോൾ സാങ്കേതികവിദ്യയോടുള്ള തന്റെ താൽപര്യം വ്യക്തമാക്കിത്തന്നെ അതിലെ അപകടങ്ങളെക്കുറിച്ചും അത്തിയ മുന്നറിയിപ്പു നൽകുന്നു. നിരന്തരം നിരീക്ഷിച്ച് പ്രൊഫൈലുകൾ ഉണ്ടാക്കുന്ന അൽഗോരിതങ്ങൾ മനുഷ്യന്റെ തനിമയെയും സൃഷ്ടിപരമായ വ്യക്തിത്വത്തെയും മായ്ച്ചുകളയുകയാണ് ചെയ്യുന്നത് എന്ന് അദ്ദേഹം പറയുന്നു. എഐ നൽകുന്ന വിവരങ്ങളോ ചിത്രങ്ങളോ മുൻനിശ്ചയിച്ച സ്റ്റീരിയോടൈപ്പ് ഉത്തരങ്ങൾ മാത്രമായിരിക്കും. എഐ എത്ര വളർന്നാലും കലാകാരന്റെ ഉള്ളിൽനിന്നു വരുന്ന ആഴത്തിലുള്ള ഉദ്യമവും ഉദ്ദേശ്യവുമാണ് കലയെ നിർവചിക്കുന്നത്. ഡേറ്റ ശേഖരിച്ചു നൽകുന്ന ഗണിതസമവാക്യങ്ങൾക്കു പകരം മനുഷ്യന്റെ ആന്തരിക ശബ്ദങ്ങളും സ്വന്തമായ കലാഭാഷയുമാണ് കലയുടെ യഥാർഥ ജീവനെന്നും അത്തിയ പറയുന്നു.

യൂറോപ്യന്‍ സമകാലീന കലയില്‍ നിപുണനായ കദെര്‍ അത്തിയ ക്യൂറേറ്റായി എത്തിയത് ബിനാലെയുടെ സ്വത്വത്തിന്റെ പ്രതിഫലനമാണെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപഴ്‌സൻ ഡോ. വേണു വി. ചൂണ്ടിക്കാട്ടി. എല്ലാവരുടെയും സ്വന്തമെന്ന തോന്നലാണ് ബിനാലെയെ ജനകീയമായി നിലനിർത്തുന്നതെന്ന് ബിനാലെ ട്രസ്റ്റി അദീബ് അഹമ്മദ് പറഞ്ഞു. ബിനാലെ പ്രസിഡന്റ് ജിതീഷ് കല്ലാട്ട് കദെര്‍ അത്തിയയെ പരിചയപ്പെടുത്തി. നവംബര്‍ 14ന് മുംബൈയില്‍ വച്ച് ക്യൂറേറ്റോറിയല്‍ പ്രമേയം പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സിഇഒ തോമസ് വർഗീസ് ചടങ്ങിൽ നന്ദി പറഞ്ഞു.